നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവയ്‌ക്കേണ്ടിവരും! അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ തങ്ങളോട് ആവശ്യപ്പെടാറുണ്ടെന്ന നടിമാരുടെ ആരോപണത്തെക്കുറിച്ച് ഇന്നസെന്റിന്റെ പ്രതികരണം

406510-malayalam-actor-innocentകൊച്ചിയില്‍ നടി ആക്രമണത്തിനിരയായതിനെത്തുടര്‍ന്ന് സിനിമയില്‍ നിലനില്‍ക്കുന്ന ചില പ്രവണതകള്‍ക്കെതിരെ നിരവധി നടിമാര്‍ രംഗത്തുവന്നിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന് വെളിപ്പെടുത്തലുകളായിരുന്നു അതില്‍കൂടുതല്‍. എന്നാല്‍ നടിമാര്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് എംപിയും നടനും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്റെ ഈ പരാമര്‍ശം. സിനിമാ മേഖലയില്‍ ചിലരുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളതായി യോഗങ്ങളില്‍ ആരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങനെയുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. തുടര്‍ന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പാര്‍വ്വതി ഉന്നയിച്ച ആരോപണം മാധ്യമപ്രവര്‍ത്തക ഇന്നസെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് ഇന്നസെന്റ് പ്രതികരിച്ച രീതി വിവാദത്തിന് വഴിവയ്ക്കുന്നതാണ്. ‘ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ നടിമാരുടെ സ്വഭാവം മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവയ്‌ക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കേട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’. എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്.

ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ് പാര്‍വ്വതി സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞത്. ‘മലയാള സിനിമയില്‍ ‘കാസ്റ്റിങ്ങ് കൗച്ച്’ ഉണ്ട്. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായിട്ടുള്ളത്. അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ് ചോദിക്കുന്നത്. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട്. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്. ജീവിത ഉപദേശം പോലെ മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കിത് വേണ്ട എന്ന് ഞാന്‍ പറഞ്ഞു’. ഇങ്ങനെയാണ് പാര്‍വതി അഭിമുഖത്തിനിടെ പറഞ്ഞത്.

സിനിമയിൽ തമ്മിലടി രൂക്ഷം; അമ്മയ്ക്കെതിരേ വനിതാ കൂട്ടായ്മ

കൊച്ചി: അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിനെതിരേ പരസ്യ നിലപാടുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്ത്. സിനിമ മേഖലയിൽ ലൈംഗിക ചൂഷണങ്ങൾ ഇല്ലെന്നും അതൊക്കെ പഴയ കാലമാണെന്നുമുള്ള അമ്മയുടെ പ്രസിഡന്‍റിന്‍റെ നിലപാടാണ് വനിത കൂട്ടായ്മ തള്ളിയത്. ഇന്നസെന്‍റിന്‍റെ പ്രസ്താവനയോട് ശക്തമായി വിയോജിക്കുന്നുവെന്ന് വനിത കൂട്ടായ്മ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

സമൂഹത്തിലെ മേൽ, കീഴ് അധികാരബന്ധങ്ങൾ സിനിമ മേഖലയിൽ അതേപടി പ്രതിഫലിക്കുന്നുണ്ട്. അവസരങ്ങൾ ചോദിച്ച് സിനിമ മേഖലയിലേക്ക് കടന്നുവരുന്ന പല പുതുമുഖങ്ങളും ചൂഷണങ്ങൾക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. തങ്ങളുടെ സഹപ്രവർത്തകരായ ലക്ഷ്മി റായ്, പാർവതി എന്നിവർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷൻ ഇക്കാര്യമെല്ലാം പരിശോധിക്കുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളത്. അതിനാൽ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കികൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളിൽ നിന്നും സിനിമ മേഖലയിലുള്ളവർ മാറി നിൽക്കണമെന്നും വിമൻ ഇൻ കളക്ടീവ് ആവശ്യപ്പെട്ടു.

Related posts