ഭാവനയുടെ വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ കാരണമറിയില്ലെന്ന് ഇന്നസെന്റ്; തനിക്ക് പരാതിയോ പരിഭവമോ ഇല്ലെന്നും അമ്മയുടെ പ്രസിഡന്റ്

തൃശൂര്‍: നടി ഭാവനയുടെ വിവാഹച്ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട അസാന്നിദ്ധ്യം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിന്റേതായിരുന്നു. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ വ്യക്തമാക്കി. എന്നാല്‍ ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ തലപ്പത്തുള്ള ആരെയും ഭാവന വിവാഹം ക്ഷണിച്ചില്ലെന്നത് കൗതുകകരമായി. ഇതിനിടെയാണ് ഇന്നസെന്റ് പ്രതികരണവുമായെത്തിയത്.

വിവാഹത്തിനു ശേഷമുള്ള വിരുന്നിലേക്ക് ക്ഷണിച്ചതാവട്ടെ മമ്മൂട്ടിയെ മാത്രവും. പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്. ചടങ്ങില്‍ നിറഞ്ഞത് മഞ്ജു വാര്യരായിരുന്നു. ഭാവനയുടെ ഈ നടപടി അമ്മയില്‍ ചര്‍ച്ചയായിരിക്കുകയാണെന്നാണ് കേഴ്‌വി. സംവിധായകന്‍ ആഷിക് അബു, കലാഭവന്‍ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയന്‍, അനൂപ് മേനോന്‍, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ വൈകീട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററിലെ ചടങ്ങിനെത്തി.

മഞ്ജുവാര്യര്‍, നവ്യ നായര്‍, റിമ കല്ലിങ്കല്‍, ഭാമ, രചന നാരായണന്‍കുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവരെല്ലാം ചടങ്ങുകളില്‍ അടിമുടി നിറഞ്ഞു.കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു. കെപിഎസി ലളിതയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി.

 

Related posts