“ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിക്ക്യോ?”“ആ, പറ!’’ “ന്നാ, എനിക്കത് ഓർമയില്യ’’ എന്ന് കിട്ടുണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ ഓർമയിൽനിന്ന് ചിരിയുടെ ചങ്ങാതി മറഞ്ഞിട്ടേയില്ല. കിട്ടുണ്ണിയടക്കമുള്ള നൂറുകണക്കിനു കലക്കൻ കഥാപാത്രങ്ങൾക്കു ജീവനേകിയ, പിന്നീടു ജനപ്രതിനിധിയും എഴുത്തുകാരനുമായ ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്! പേരുപോലെ നിഷ്കളങ്കമായി ചിരിച്ച്, ചിന്തിപ്പിച്ച് കഴിഞ്ഞവർഷം മാർച്ച് 26നാണ് അദ്ദേഹം യാത്രയായത്.
1948 മാര്‍ച്ച് നാലിന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്റ് എട്ടാം ക്ലാസിൽ പഠനം നിർത്തി മദ്രാസിലേക്കു വച്ചുപിടിച്ചതാണ്. മലയാളികളുടെ മനസു മൊത്തം പിടിക്കാനുള്ള യാത്രയായിരുന്നു അത്. അവിടെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി കുറച്ചുകാലം ജോലി. ആ സമയത്തു ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമാഭിനയത്തിനു തുടക്കമിട്ടു. 1972 സെപ്റ്റംബര്‍ ഒന്പതിനു റിലീസ് ചെയ്ത നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ.
ബന്ധുക്കളോടൊപ്പം ദാവണ്‍ഗരെയില്‍ കുറച്ചുകാലം തീപ്പെട്ടിക്കമ്പനി നടത്തിയിരുന്നു. ദാവണ്‍ഗരെയിലുള്ള കേരളസമാജത്തിന്റെ പരിപാടികളിൽ അവതരിപ്പിക്കുന്ന നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പിന്നീടു നാട്ടിലെത്തിയ ഇന്നസെന്റ് ചില ബിസിനസുകളിലും രാഷ്ട്രീയത്തിലും ഒരുകൈ നോക്കി.
അഭിനയിക്കാത്ത ഒരു കൊല്ലം
ആദ്യചിത്രം പുറത്തിറങ്ങി പിറ്റേക്കൊല്ലം ഇന്നസെന്റ് അഭിനയിച്ചതു മൂന്നു സിനിമകളിലാണ്. എൺപതുകളായതോടെ വർഷംതോറും 40 വരെയെത്തി സിനിമകളുടെ എണ്ണം. അങ്ങനെ നൃത്തശാല മുതൽ ഫിലിപ്സ് വരെ 750 ലേറെ സിനിമകൾ. അഭിനയത്തിനൊപ്പം ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കംബൈന്‍സ് എന്ന സിനിമാനിര്‍മാണ കമ്പനിയും നടത്തിയിരുന്നു. 1980 നുശേഷം ഇന്നസെന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളൂ, 2020. അദ്ദേഹത്തെ രോഗം വിടാതെ പിടികൂടിയ വർഷമായിരുന്നു അത്.
മലയാളത്തിനുപുറമേ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു സിനിമകള്‍ നിര്‍മിച്ചു. രണ്ടണ്ണത്തിനു കഥയെഴുതി. 2009 ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 12 വര്‍ഷം ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമായിരുന്നു.
കൗൺസിലർ മുതൽ എംപി വരെ
രാഷ്ട്രീയത്തിലെത്തി നഗരസഭാ കൗൺസിലർ മുതൽ ലോക്സഭാ അംഗംവരെയായ ഇന്നസെന്റ് ഇല്ലാത്തതാണ് ഇത്തവണത്തെ തെരഞ്ഞടുപ്പ്. ഇടതുപക്ഷ സഹയാത്രികനെന്ന നിലയില്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും പാര്‍ട്ടി യോഗങ്ങളില്‍ സജീവമായി ഉണ്ടാകാറുണ്ട്. 1979ല്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ 12-ാം വാര്‍ഡില്‍നിന്നാണ് വിജയം നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരം.
1984 വരെ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍നിന്ന് ഇടതു സ്വതന്ത്രനായി വിജയംനേടി. 2019ല്‍ പാർട്ടിചിഹ്നത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റ ദിവസം അദ്ദേഹം പറഞ്ഞു – എന്നെ ജനം സിനിമയിലേക്ക് തിരിച്ചുവിട്ടു.
രോഗം വന്നാലും ചിരി
വന്നും പോയും കാൻസർ പലതരത്തില്‍ വിരട്ടാന്‍ നോക്കുമ്പോഴും ഇന്നസെന്റ് ചിരിക്കുകയായിരുന്നു. സിനിമാ സെറ്റില്‍നിന്നു നേരേ ആശുപത്രിയിലേക്കു പോയി തിരികെ സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങള്‍. രോഗത്തെ മനക്കരുത്തുമായി ചിരികൊണ്ട് കീഴടക്കിയ കഥ അദ്ദേഹം എഴുതി. അഞ്ചാം ക്ലാസിലെ കേരള പാഠാവലിയില്‍ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പേരില്‍ത്തന്നെ കുട്ടികൾ ഇന്നതു പഠിക്കുന്നു. ഡോക്ടറുടെ മരുന്നുകള്‍ക്കൊപ്പം ചിരിയായിരുന്നു തന്റെ സ്വന്തം മരുന്നും മനക്കരുത്തുമെന്ന് ഇന്നസെന്റ് പറഞ്ഞുവയ്ക്കുന്നു. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകം കൂടാതെ ഞാന്‍ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്കുപിന്നില്‍ (ആത്മകഥ) എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്.
സ്വന്തം ഇരിങ്ങാലക്കുട
സിനിമയിലൂടെ ഉയര്‍ന്നനിലയില്‍ എത്തിയിട്ടും പിറന്ന നാടും നാട്ടുകാരെയും വിട്ടുപോകാന്‍ തയാറാകാതിരുന്ന വ്യക്തിയാണ് ഇന്നസെന്റ്. ലോകത്ത് എവിടെപ്പോയാലും തിരിച്ച് ഇരിങ്ങാലക്കുടയിലേക്ക് ഓടിയെത്താനും നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം തമാശകളും നാട്ടുവര്‍ത്തമാനങ്ങളും പറയാനും സമയം കണ്ടെത്തിയിരുന്ന അദ്ദേഹം ഇരിങ്ങാലക്കുടക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. നാട്ടുകാരിൽ പലരെയും താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ പരിചയപ്പെടുത്തി. അവരുടെ സംഭാഷണങ്ങള്‍, ഭാവങ്ങള്‍, ചലനങ്ങള്‍, പേരുകള്‍ എല്ലാം കഥാപാത്രങ്ങള്‍ക്ക് മിഴിവേകി. ഉത്സവങ്ങളും പെരുന്നാളുകളുമെല്ലാം അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കി.
ഷോബി കെ. പോൾ