കൊച്ചി: സിനിമയിൽ ക്രിമിനലുകൾ ഉള്ളതായി അറിയില്ലെന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് എംപി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് കേസന്വേഷണം അതിന്റെ വഴിക്കു ഭംഗിയായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങൾ ഇന്നു ചേരാനിരിക്കുന്ന അമ്മ ജനറൽ ബോഡിയുടെ അജൻഡയിലില്ല. എന്നാൽ അംഗങ്ങളാരെങ്കിലും ഇക്കാര്യം ഉന്നയിച്ചാൽ തള്ളിക്കളയില്ല. വിവാദം അമ്മയുടെ യോഗത്തിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല. അതു കോടതിയിലിരിക്കുന്ന വിഷയമാണ്.
നടിയുടെ പേരു പറഞ്ഞു പരസ്യപ്രതികരണം നടത്തിയവരുടെ പ്രതികരണങ്ങൾക്ക് അമ്മ ഉത്തരവാദിയല്ല. അമ്മ വ്യക്തിപരമായ അഭിപ്രായഭിന്നതകൾ പറഞ്ഞുതീർക്കാനുള്ള വേദിയല്ല. ഇക്കാര്യത്തിൽ ആരുടെയും പക്ഷം ചേരാൻ അമ്മ തയാറല്ല. പക്ഷേ തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം.
ആരൊക്കെയാണു പ്രതികളെന്നും ഗൂഢാലോചനയുണ്ടോയെന്നും ന്യായാന്യായങ്ങളും തീരുമാനിക്കുന്നത് പോലീസും കോടതിയുമാണ്. യഥാർഥപ്രതികൾ താരസംഘടനയിലുള്ളവരായാലും അവരെ ഒരു കാരണവശാലും സംരക്ഷിക്കില്ല. സംഭവത്തിനു പിന്നിൽ ഗൂഢശ്രമം ഉണ്ടോയെന്നു കണ്ടെത്തേണ്ടത് പോലീസാണ്. അമ്മ പുരുഷാധിപത്യ സംഘടനയല്ല. സ്ത്രീകൾ അവർക്കായി സംഘടന ഉണ്ടാക്കിയത് നല്ല കാര്യമാണെന്നും ഇന്നസെന്റ് ചൂണ്ടിക്കാട്ടി.