ടോക്കിയോ: ചെയ്യാത്ത തെറ്റിന് വധശിക്ഷ വിധിക്കപ്പെടുകയും 45 വർഷം ജയിലിൽ കിടക്കുകയും ചെയ്ത എൺപത്തിയൊന്പതുകാരനായ ജപ്പാൻകാരന് നഷ്ടപരിഹാരമായി 1.4 മില്യൺ ഡോളർ (9,26,90,655 ഇന്ത്യൻ രൂപ) നൽകാൻ കോടതി വിധി. മുൻ പ്രഫഷണൽ ബോക്സർ കൂടിയായ ഇവാവോ ഹകമതയ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. നീതി നടപ്പിലാക്കുന്നതിലെ പാകപ്പിഴയ്ക്ക് ജപ്പാനിൽ ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ നഷ്ടപരിഹാരമാണിത്.
സെൻട്രൽ ജപ്പാനിലെ ഷിസുവോക്കയിൽ 1968ൽ തന്റെ തൊഴിലുടമയെയും അയാളുടെ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണു ഹകമതയെ ശിക്ഷിച്ചത്. പോലീസിന്റെ മർദനത്തെ തുടർന്നു ഹകമത കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് ഈ മൊഴി പിൻവലിച്ചെങ്കിലും സ്ഥലത്തെ സംസ്കരണ പ്ലാന്റിലെ ടാങ്കിൽനിന്നു പോലീസ് കണ്ടെത്തിയ രക്തക്കറ പുരണ്ട ഒരു വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കുറ്റവാളിയെന്നു കണ്ടെത്തി ഹകതമയെ വധശിക്ഷയ്ക്കു വിധിച്ചു.
ശിക്ഷക്കെതിരേ ഹകമത നടത്തിയ നിയമപ്പോരാട്ടം വർഷങ്ങൾ നീണ്ടു. ഒടുവിൽ ഡിഎൻഎ പരിശോധനയിൽ വസ്ത്രത്തിൽ കണ്ട രക്തം ഹകമതയുടേതോ കൊല്ലപ്പെട്ടവരുടേതോ അല്ലെന്നു തെളിഞ്ഞു. തുടർന്നു 2014ൽ ഹകതമ ജയിലിൽനിന്നിറങ്ങി. എന്നാൽ, നിയമത്തിന്റെ കുരുക്കുകൾ അഴിയാൻ പിന്നെയും വർഷങ്ങൾ എടുത്തു. കഴിഞ്ഞവർഷം സെപ്റ്റംബർ 26ന് ഹകതമ പൂർണമായും കുറ്റിവിമുക്തനായി. ഇപ്പോൾ വൻതുക നഷ്ടപരിഹാരം നൽകാനുള്ള വിധിയും വന്നു. പണംകൊണ്ടു പരിഹരിക്കാൻ സാധിക്കാത്ത ഒരു തെറ്റാണ് ഇദ്ദേഹത്തോട് രാജ്യം ചെയ്തതെന്നായിരുന്നു വിധിവന്നശേഷം ഹകമതയുടെ അഭിഭാഷകന്റെ പ്രതികരണം.