കൊച്ചി: കാർന്നുതിന്നുന്ന വേദനയെയും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നടൻ ഇന്നസെന്റ് (75) വിടവാങ്ങി.
കടുത്ത ദുരനുഭവങ്ങളെ പൊട്ടിച്ചിരി ജനിപ്പിക്കാനുള്ള കഥകളായി രൂപാന്തരം നടത്തിയ പ്രിയതാരം ദീപ്തസ്മരണയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്റെ അന്ത്യം.
അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇന്നസെന്റിനെ ചികിത്സിച്ച ഡോക്ടർമാരെല്ലാം മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു.
പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നത്. അതുമുതൽ നടന്റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാർഥിച്ചുവരികയായിരുന്നു.
ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റൻപതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റായിരുന്നു അദ്ദേഹം.
2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടിയിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1972ൽ പുറത്തിറങ്ങിയ “നൃത്തശാല’യിലൂടെ അരങ്ങേറിയെങ്കിയ ഇന്നച്ചനെ കൈപിടിച്ച് ഉയർത്തിയത് മലയാള സിനിമയുടെ സുവർണ കാലഘട്ടമായ 1980-കളാണ്.
രാമു കാര്യാട്ടിന്റെ “നെല്ല്’ അടക്കമുള്ള ചിത്രങ്ങളിലെ ചെറിയ റോളുകളിൽ തുടങ്ങിയ ഇന്നച്ചൻ പിന്നീട് മലയാള ഹാസ്യശാഖയുടെ തമ്പുരാക്കന്മാരിൽ ഒരാളായി.
സവിശേഷമായ ശരീര ഭാഷയും തൃശൂർ ഭാഷയുടെ മേമ്പൊടിയുള്ള സംഭാഷണരീതിയും ഇന്നസെന്റിനെ മലയാള സിനിമാലോകത്ത് വേറിട്ട ശൈലിയുടെ ഉടമയാക്കി. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ചിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ഇന്നച്ചൻ “ഗജകേസരി യോഗം”, “റാംജിറാവു സ്പീക്കിംഗ്’, “ഡോക്ടർ പശുപതി’, “ദേവാസുരം’ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ അമരത്വം നേടി.
2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ഇന്നസെന്റ് “മഴവിൽക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള 1989-ലെ സംസ്ഥാന സർക്കാർ അവാർഡിനും അർഹനായി.
സുഹൃത്തും വെള്ളിത്തിരയിലെ സ്ഥിരം കൂട്ടാളിയുമായിരുന്ന നെടുമുടി വേണുവിനെ നായകനാക്കി ഡേവിഡ് കാച്ചപ്പിള്ളിയ്ക്കൊപ്പം ഒരുക്കിയ “വിട പറയും മുമ്പെ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് എന്ന നിലയിൽ 1981-ലെ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി. ഭരതൻ ഒരുക്കിയ “ഓർമയ്ക്കായ്’ എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വർഷം ഈ നേട്ടം ആവർത്തിച്ചു.
ഇരുവരും ചേർന്ന് സ്ഥാപിച്ച ശത്രു കംബൈൻസ് എന്ന നിർമാണ കമ്പനി ഇളക്കങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങളും നിർമിച്ചു.
ഹാസ്യ വേഷങ്ങളിൽ നിന്ന് സ്വഭാവ നടനായി പരിണമിച്ച ഇന്നസെന്റ്, “കാബൂളിവാല’, “ചിരട്ടക്കളിപ്പാട്ടങ്ങൾ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലെ നോവിന്റെ കനലുകൾ നീറ്റി.
പുസ്തകരചനയിലും മലയാളത്തിന്റെ സ്വന്തം ഇന്നച്ചൻ കൈവച്ചു. ഞാൻ ഇന്നസെന്റ് (സ്മരണകൾ), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം), കാൻസർ വാർഡിലെ ചിരി എന്നിവയാണ് മറ്റ് പുസ്തകങ്ങൾ. ചിരിക്കു പിന്നിൽ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു.
2014-ൽ ചാലക്കുടിയിൽനിന്നും ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോയെ അട്ടിമറിച്ചാണ് ലോക്സഭയിലെത്തിയത്.
2019-ൽ എൽഡിഎഫ് സ്ഥാനാർഥിയായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇന്നസെന്റ് കോൺഗ്രസ് സ്ഥാനാർഥി ബെന്നി ബെഹനാനോട് പരാജയപ്പെട്ടിരുന്നു.