ഇ. അനീഷ്
കോഴിക്കോട്: മമ്മൂട്ടിയോ, മോഹന്ലാലോ… മറ്റേത് സൂപ്പര്താരങ്ങളോ ആയിക്കോട്ടെ ഒറ്റ ഷോട്ട്, അതല്ലെങ്കില് ഒറ്റ ഡയലോഗ്… മുഖത്തെ ഭാവപ്രകടനം, അതിനൊപ്പം വഴങ്ങുന്ന ശരീരഭാഷ…അത്തരം സീനുകള്കൊണ്ട് മാത്രം അവരെ കടത്തി വെട്ടിയ നടന്മാരില് മുന്നിരയിലാണ് ഇന്നസെന്റിന്റെ സ്ഥാനം.
ഉദാഹരണങ്ങള് ധാരാളം. മള്ട്ടി സ്റ്റാര് ചിത്രങ്ങള് തരംഗമായിരുന്ന കാലഘട്ടത്തില് ഇന്നസെന്റിനെ പോലെ ഒരു താരം സൃഷ്ടിച്ച ഇംപാക്ട് ഒരിക്കലും മറക്കാന് കഴിയില്ലെന്ന് സഹതാരങ്ങളും സംവിധായകരും ഓര്ക്കുന്നു.
മോഹന്ലാലും ജഗതിയും മത്സരിച്ചഭിനയിച്ച കിലുക്കം എന്ന എവര്ഗ്രീന് ഹിറ്റ് ചിത്രത്തിലെ കിട്ടുണ്ണിയുടെ ‘അടിച്ചു മോളേ..’ എന്ന ഹിറ്റ് ഡയലോഗ് ആ സിനിമയ്ക്കും മുകളില് വളര്ന്നുനിന്നു. അതിനുശേഷം എത്രയോ സിനിമകള് ഇറങ്ങി. ഇപ്പോഴും ആളുകള്ക്ക് കിലുക്കമെന്നാൽ കിട്ടുണ്ണിയാണ്…
ഇനി മോഹന്ലാലിന്റെ തന്നെ ദേവാസുരം എന്ന സിനിമ. ഇതിലെ വാര്യര് എന്ന കഥാപാത്രം മോഹന്ലാലിനൊപ്പമോ, അല്ലെങ്കില് അതിനെക്കാള് മുകളിലോ സ്കീന്സ്പേയ്സുള്ളതാണ്.
ഇതിന്റെ രണ്ടാം ഭാഗത്തിലും സിനിമയുടെ അവസാനം വരെ ആ കഥാപാത്രം നിറഞ്ഞുനില്ക്കുന്നു. രണ്ടാം ഭാഗത്തില് മോഹന്ലാല് അച്ചനും മകനുമായി എത്തിയപ്പോഴായിരുന്നു വാര്യരുടെ മിന്നും പ്രകടനം സിനമയിലുടനീളം എല്ലാവര്ക്കും അനുഭവഭേദ്യമായത്. ഇതുമാത്രമല്ല കാക്കകുയില്, ചന്ദ്രലേഖ, മിഥുനം… പട്ടിക നീളുന്നു.
ഇനി മമ്മൂട്ടിയുടെ സൂപ്പര് ഹിറ്റ് ചിത്രങ്ങള് എടുത്താലോ… വേഷം എന്ന സിനിമയില് മമ്മൂട്ടിയുടെ കഥാപാത്രത്തേക്കാള് ഉയരെയാണ് ഇന്നസെന്റ് അവതരിപ്പിച്ച അച്ഛന് കഥാപാത്രം
. സിനിമയിലെ പല സീനുകളിലും അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇവിടെയും ജഗതി ഒപ്പമുണ്ട്.
ക്രോണിക് ബാച്ചിലറിലെ മമ്മൂട്ടിയുടെ സഹായി കഥാപാത്രം കുരുവിള, പ്രാഞ്ചിയേട്ടന് സിനിമയിലെ പ്രാഞ്ചിയെ എന്നും കുഴപ്പത്തിലാക്കുന്ന കഥാപാത്രം… തുടങ്ങി സൂപ്പര് ഹിറ്റുകള്ക്കും സൂപ്പര്താരചിത്രങ്ങള്ക്കും ഒഴിച്ചുകുടാനാകാത്ത ചേരുവയായിരുന്നു ഇന്നസെന്റ്…
മറ്റുള്ളവര്ക്കൊപ്പമുള്ള കഥാപാത്രങ്ങള് പറഞ്ഞാലും എഴുതിയാലും തീരില്ല. അവിടെ കിട്ടാവുന്നിടത്തെല്ലാം അദ്ദേഹം കേറിയങ്ങ് മേയുന്നത് മലയാളികള് കണ്ടുകൊണ്ടിരുന്നതാണല്ലോ…