സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: എത്രയോ തവണ സഞ്ചരിച്ചിട്ടുള്ള ഇരിങ്ങാലക്കുടയുടെ വഴികളിലൂടെ അവസാനമായി ഇന്നസെന്റ് യാത്രയാകുമ്പോൾ വഴിയുടെ ഇരുവശത്തും തിങ്ങിനിറഞ്ഞവർ പ്രിയതാരത്തിന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചു.
കണ്ണീർക്കുട ചൂടിയാണ് ഇരിങ്ങാലക്കുട തങ്ങളുടെ പ്രിയപ്പെട്ട ഇന്നച്ചനെ യാത്രയാക്കിയത്. ഇന്നസെന്റിന്റെ വീട്ടിൽനിന്നു പള്ളിയിലേക്കുള്ള വിലാപയാത്രയിൽ ആയിരക്കണക്കിന് ആരാധകരും കലാസാംസംകാരിക രാഷ്ട്രീയ പ്രമുഖരും നാട്ടുകാരുമടക്കം പങ്കാളികളായി.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം ചടങ്ങുകൾ. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ സംസ്കാര ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ഫാ. പയസ് ചിറപ്പണത്ത് തുടങ്ങിയവർ സഹകാർമികരായി.
രാവിലെ ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിൽ പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിലേക്ക് അലങ്കരിച്ച വാഹനത്തിൽ വിലാപയാത്രയാണ് കൊണ്ടുവന്നത്.
പാർപ്പിടത്തിൽനിന്നു മൃതദേഹം പള്ളിയിലേക്ക് എടുക്കുമ്പോൾ വികാരനിർഭരമായ കാഴ്ചകൾക്കാണ് ഇരിങ്ങാലക്കുട സാക്ഷ്യം വഹിച്ചത്. വാവിട്ടു കരഞ്ഞ ഭാര്യ ആലീസ് അടക്കമുള്ള ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും മറ്റും പാടുപെട്ടു.
മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുമ്പോഴും പർപ്പിടത്തിനു പുറത്ത് റോഡിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയാതെ കാത്തുനിൽക്കുന്ന നിരവധി പേർ ഉണ്ടായിരുന്നു.
മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, വാസവൻ എന്നിവർ അന്തിമോപചാരം അർപ്പിക്കാന് എത്തിയിരുന്നു ചലച്ചിത്രതാരങ്ങളായ ദിലീപ്, കാവ്യ മാധവൻ, ടോവിനോ തോമസ്, ഇടവേള ബാബു, നാദിർഷ എന്നിവരും ഇന്നസെന്റിന്റെ വിലാപയാത്രയിൽ പങ്കുകൊണ്ടു.
കലാഭവൻ മണിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്നതായിരുന്നു ഇന്നസെന്റിനും യാത്രാമൊഴിയേകാൻ എത്തിയവരുടെ തിരക്ക്. കത്തീഡ്രൽ പള്ളിയുടെ കിഴക്കേ സെമിത്തേരിയിൽ പിതാവ് തെക്കേത്തല കൊച്ചുവറീതിന്റെ കല്ലറയും ഇവിടെയാണുള്ളത്.
ഇന്നസെന്റിന്റെ വീട്ടിൽനിന്ന് 200 മീറ്റർ മാറിയാണ് ഇനി അന്ത്യവിശ്രമം കൊള്ളുക. ഇന്നസെന്റ് അവസാനം ഇരിങ്ങാലക്കുടയിലെ മണ്ണിൽ അലിഞ്ഞുചേരുന്പോൾ കണ്ണുനീരിൽ നനയാത്തവരുണ്ടായിരുന്നില്ല. ഇന്നലെ ഇരിങ്ങാലക്കുട ടൗൺഹാളിൽ ഇന്നസെന്റിന് അന്ത്യോമപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
വൈകുന്നേരത്തോടെ മൃതദേഹം അവിടെനിന്ന് വീടായ പാർപ്പിടത്തേലേക്കു കൊണ്ടുപോയശേഷവും പ്രിയതാരത്തെ കാണാൻ ആളുകളുടെ ഒഴുക്കായിരുന്നു.
പാർപ്പിടത്തിൽ രാത്രി വൈകിയും പുലർച്ചെയും ആളുകൾ ഇന്നച്ചനെ അവസാനമായി ഒരുനോക്കു കാണാൻ എത്തി. മോഹൻലാൽ, സുരേഷ്ഗോപി, സിദ്ദീഖ്, ദിലീപ്, സംവിധായകൻ പ്രിയദർശൻ, സത്യൻ അന്തിക്കാട് തുടങ്ങിയ സിനിമാ പ്രവർത്തകർ ഇന്നലെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.