ഇരിങ്ങാലക്കുട: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കടൽക്ഷോഭം മൂലം ദുരിതത്തിലായ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ തീരദേശ ജനതയ്ക്ക് ആശ്വാസമെത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി പാർലമെന്റംഗം എന്ന നിലയിലുള്ള തന്റെ നാലുമാസത്തെ വേതനം നൽകുമെന്ന് ഇന്നസെന്റ് എംപി അറിയിച്ചു.
കൊടുങ്ങല്ലൂർ, കയ്പമംഗലം അസംബ്ലി മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിരിക്കുകയാണ്. എറിയാട് പഞ്ചായത്തിലെ വിവിധ ക്യാന്പുകൾ എംപി സന്ദർശിച്ചു. ക്യാന്പുകളിൽ കുടിവെള്ള ക്ഷാമം നേരിടുന്നതായി അറിയിച്ചതിനെത്തുടർന്ന് ശുദ്ധജലം വിതരണം ചെയ്തു. 12,000 കുപ്പി ശുദ്ധജലമാണ് വിവിധ ക്യാന്പുകളിലേക്കു വിതരണം ചെയ്തത്. ആവശ്യത്തിനുള്ള വസ്ത്രങ്ങളും കടൽക്ഷോഭത്തിൽ വിദ്യാർത്ഥികൾക്കു നഷ്ടപ്പെട്ട പഠനോപകരണങ്ങളും, മരുന്നുകളും ദുരിതബാധിതർക്ക് ഉടൻ എത്തിക്കുമെന്നും എംപി അറിയിച്ചു.
കടൽക്ഷോഭത്തിൽ തകർന്ന വീടുകളും റോഡുകളുമുൾപ്പെടെ പുനർനിർമിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനു കേന്ദ്ര – സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടുവരികയാണ്. കടൽഭിത്തി നിർമിക്കുന്നതിനായി കേന്ദ്ര സർക്കാരിനു സമർപ്പിച്ച പ്രോജക്ട് ഇപ്പോഴത്തെ സാഹചര്യം കൂടി ശ്രദ്ധയിൽപെടുത്തി യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്നും ഇന്നസെന്റ്് അറിയിച്ചു.
ഇ.ടി. ടൈസണ് മാസ്റ്റർ എംഎൽഎ, സിപിഎം ഏരിയ സെക്രട്ടറി പി.കെ.ചന്ദ്രശേഖരൻ എന്നിവർ എംപിക്ക് ഒപ്പമുണ്ടായിരുന്നു.