ഇ.അനീഷ്
കോഴിക്കോട്: മലയാളത്തിലെ ഹിറ്റ് ജോഡികളുടെ പട്ടികയെടുത്താൽ ഇന്നസെന്റ്-കെപിഎസി ലളിത കോംബോയെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കും.
അത്രയുമുണ്ട് ഇരുവരും തകർത്തഭിനയിച്ച സിനിമകൾ. മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്.
ഈ കൂട്ടികെട്ടിലെ ഹാസ്യരംഗങ്ങൾ എത്ര തലമുറകൾ കഴിഞ്ഞാലും ചിരിക്കാനുള്ള വകയാകും. ഇരുവരും ഒരു വര്‍ഷത്തെ ഇടവേളയില്‍ വിടവാങ്ങി എന്നതും യാദൃശ്ചികമാകാം.
25-ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്. അതിലേറെയും ഹിറ്റുകൾ എന്നതും പ്രത്യേകത. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു.
ജോഡിയായി അല്ലാതെയും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. പലപ്പോഴും ജോഡിയായി കെപിഎസി ലളിതയെ നിർമാതാക്കളോട് നിർദേശിച്ചിരുന്നതായി ഇന്നസെന്റ് വെളിപ്പെടുത്തിയിരുന്നു.