ഡൊമിനിക് ജോസഫ്
മാന്നാർ: മാന്നാറിനെ അനശ്വരമാക്കിയ മഹാനടനു വിട. ഇന്നസെന്റ് പ്രധാന വേഷത്തിലെത്തിയ റാംജിറാവൂ സ്പീക്കിംഗ് എന്ന സിനിമയിലെ കഥാപാത്രമായ മാന്നാർ മത്തായിയെ കലാകേരളം ഒരിക്കലും മറക്കില്ല.
തൊഴിലില്ലായ്മയുടെ രൂക്ഷത നർമത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ഈ സിനിമയിൽ ആദ്യവസാനം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം മാന്നാർ മത്തായി തന്നെ.
സിനിമയിറങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും മാന്നാർ മത്തായിയെ മറക്കാൻ ഇനിയും മലയാളികൾക്ക് കഴിഞ്ഞിട്ടില്ല. പ്രേഷകരെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയ കഥാപാത്രമായിരുന്നു മാന്നാർ മത്തായി.
ഇന്നും ടിവി ചാനലുകളിൽ ഈ സിനിമ എത്തുമ്പോൾ കാണികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും എതിരേൽക്കുന്നത് ആ മഹാനടനുള്ള സ്വീകാര്യതയാണ്.
മാന്നാർ മത്തായിയെ ജനങ്ങൾ നെഞ്ചിലേറ്റിയതിന്റെ പശ്ചാത്തലത്തിലാണ് റാംജി റാവു സ്പീക്കിംഗിന്റെ രണ്ടാം ഭാഗത്തിന് മാന്നാർ മത്തായി സ്പീക്കിംഗ് എന്ന് പേരിട്ടത്.
ഈ സിനിമകൾ ഇറങ്ങിയ ശേഷം ഒരിക്കൽ ഒരു പൊതു ചടങ്ങിനു മാന്നാറിൽഎത്തിയ ഇന്നസെന്റ് തന്റെ മാന്നാർ മത്തായി എന്ന കഥാപാത്രത്തക്കുറിച്ച് സൂചിപ്പിക്കുകയും ആ പേരു ഹിറ്റാക്കാൻ സഹായിച്ച മാന്നാർ എന്ന നാടിനെ ഒരിക്കലും മറക്കില്ലെന്നും പറഞ്ഞിരുന്നു.
മാന്നാർ എന്ന ദേശത്തെ ഒരു സിനിമാകഥാപാത്രത്തിലൂടെ ലോകത്തിന് മുൻപിൽ എത്തിച്ച വലിയ നടന്റെ വേർപാടിന്റെ വേദനയിൽ മാന്നാർ നിവാസികളും പങ്ക് ചേരുകയാണ്.