അങ്കമാലി: 2017-18 സാന്പത്തിക വർഷത്തെ എംപി ഫണ്ട് വിനിയോഗം സംബന്ധിച്ച് ഇന്നസെന്റ് എംപി പൊതുജനങ്ങളിൽനിന്നു നിർദേശങ്ങൾ ക്ഷണിച്ചു. എംപി ഫണ്ട് എപ്രകാരം വിനിയോഗിക്കണമെന്ന നിർദേശങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാം.
അവരവരുടെ പ്രദേശത്തെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനങ്ങളല്ല ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്നും മറിച്ച്, മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ- സാംസ്കാരിക -പശ്ചാത്തല മേഖലകളിൽ വികസനം സൃഷ്ടിക്കാൻ കഴിയുന്നതും മാതൃകാപരവുമായ പദ്ധതികളാണ് നിർദേശിക്കേണ്ടതെന്നും എംപി പറഞ്ഞു. മണ്ഡലത്തിനാകെ പ്രയോജനം ലഭിക്കും വിധമുള്ള ഒറ്റ പദ്ധതിയാകണം.
വികസന രംഗത്തു പുത്തൻ ആശയങ്ങൾ നടപ്പാക്കുന്നതിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എംപി ഫണ്ടായി 5 കോടി രൂപയാണ് ഒരു വർഷം ലഭിക്കുക.
ഇതിൽ 75ലക്ഷം രൂപ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള പദ്ധതികൾക്കും 37.5 ലക്ഷം രൂപ പട്ടികവർഗ വിഭാഗങ്ങൾക്കായും ചെലവഴിക്കേണ്ടതുണ്ട്. അവശേഷിക്കുന്ന 3.75 കോടിയാണ് പൊതുവികസന പദ്ധതികൾക്കായി ചെലവഴിക്കുന്നത്. ഈ മൂന്ന് വിഭാഗങ്ങളിലുമായി ഓരോ പദ്ധതികളാണ് നിർദേശിക്കേണ്ടത്.
ഒരാൾക്ക് ഒന്നിലധികം പദ്ധതികളുടെ നിർദേശങ്ങളും സമർപ്പിക്കാം. നിർദേശങ്ങൾ 31 നകം ലഭിക്കും വിധം എംപി ഓഫീസ്, സെന്റ് ജോർജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഓ. എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കണം.