ഇരിങ്ങാലക്കുട: നടൻ ഇന്നസെൻറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ചാലക്കുടി മണ്ഡലത്തിലെ ഇടതു വലതു പക്ഷ സ്ഥാനാർഥികളായ സി. രവീന്ദ്രനാഥുംബെന്നി ബഹന്നാനും ഇരിങ്ങാലക്കുട കിഴക്കേപള്ളി സെമിത്തേരിയിലെത്തി ഇന്നസെന്റിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് പ്രാർത്ഥന നടത്തി. ഇന്നുരാവിലെയാണ് ഇരുവരും ഇന്നസെന്റിന്റെ കല്ലറയിൽ സ്മരണാഞ്ജലിയർപിക്കാൻ എത്തിയത്.
നിങ്ങള് വല്യ പ്രഫസറല്ലേ…നമുക്ക് വിദ്യാഭ്യാസൊന്നും ഇല്ലല്ലോ… ഇന്നസെന്റിന്റെ ഓർമകളിൽ സി.രവീന്ദ്രനാഥ്
പൊട്ടിച്ചിരിപ്പിക്കാനുള്ള കഴിവായിരുന്നു ഇന്നസെന്റിന്റെ സവിശേഷത. ഇന്നസെന്റുമായി സംസാരിക്കുന്നത് ഏത്ര ഗൗരവമുള്ള കാര്യമാണെങ്കിലും ആ ചർച്ചയും സംസാരവും ചെന്നവസാനിക്കുന്നത് വലിയൊരു പൊട്ടിച്ചിരിയിലായിരുന്നു.വ്യക്തിപരമായും രാഷ്ട്രീയമായും ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ഇന്നസെൻറ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന മുന്പേ അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു.
ചാലക്കുടി ലോക്സഭ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഉൗടും പാവും നെയ്ത കലാകാരനായിരുന്നു അദ്ദേഹം.ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയിൽ സ്തുത്യർഹമായ നേട്ടങ്ങളായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൈവരിച്ചത്. അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് നവ ചാലക്കുടി എന്ന ബ്രഹത്തായ ആശയം കെട്ടിപ്പടുത്തിട്ടുള്ളത്.
ഞാൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്പോഴായിരുന്നു സ്മാർട്ട് ക്ലാസ് റൂം പദ്ധതി വ്യാപകമാക്കിയത്. അന്ന് അദ്ദേഹത്തിന്റെ പരിശ്രമഫലമായി ചാലക്കുടി മണ്ഡലത്തിലെ നിരവധി സ്കൂളുകളാണ് ഹൈടെക്കായത്. പല സകൂളുകളുടെയും കാര്യം പറയാനും സമ്മർദ്ദം ചെലുത്താനുമെല്ലാം നേരിട്ട് വിളിക്കും. സംസാരത്തിനൊടുവിൽ പറയും – ഓ… നിങ്ങള് വല്യ പ്രഫസറൊക്കെ തന്നെ, നമുക്ക് വിദ്യാഭ്യാസമൊന്നും ഇല്ലല്ലോ- എന്ന്.
അദ്ദേഹത്തിന്റെ ഭരണമികവ് നേരിട്ട് കണ്ട സന്ദർഭമായിരുന്നു 2018ലെ പ്രളയം. അന്ന് എറണാകുളം ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളുടെയും പുനർ നിർമാണത്തിന്റെയും ചുമതല എനിക്കായിരുന്നു. എറണാകുളം കലക്ടറേറ്റിൽ ചേർന്ന യോഗങ്ങളിൽ ദൃഡമായ സ്വരമായിരുന്നു ഇന്നസെന്റിന്റേത്.
കലാകാരന്മാരോട് വലിയ സ്നേഹവും ബഹുമാനവും പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറേത്. അങ്ങനെ ഒരു സംഭവം ഇപ്പോഴും ഓർമയിലുണ്ട്. തൃശൂരിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുകയാണ്. അന്ന് വിദ്യാർത്ഥികളുടെ സുഖവിവരങ്ങൾ അന്വേഷിക്കാൻ മോഡൽ ഗേൾസ് സ്കൂളിൽ എത്തിയതായിരുന്നു ഞാനും ഇന്നസെൻറും.
അവിടെ വെച്ച് അസാധ്യമായി മിമിക്രി അവതരിപ്പിച്ച ഒരു മിടുക്കനെ ഇന്നസെൻറ് അടുത്തു വിളിച്ച് ഏറെ നേരം സംസാരിച്ചു.തമാശകൾ പറഞ്ഞ് ഏത് സാഹചര്യത്തേയും ലളിതസുന്ദരമാക്കാൻ കഴിവുണ്ടായിരുന്ന ഇന്നസെന്റ് നമുക്കൊപ്പമില്ലാത്തത് തീർത്താൽ തീരാത്ത ദു: ഖം തന്നെയാണ്..