സിജോ പൈനാടത്ത്
കൊച്ചി: ചാലക്കുടിയിൽ രണ്ടാം അങ്കത്തിനിറങ്ങുന്ന സിറ്റിംഗ് എംപിയും നടനുമായ ഇന്നസെന്റിനായി സിനിമാതാരങ്ങൾ ഇക്കുറി കൂട്ടമായെത്തും. മത്സരരംഗത്തേക്കിറങ്ങാൻ ആദ്യഘട്ടത്തിൽ മടിച്ച ഇന്നസെന്റിന്റെ മനസുമാറ്റത്തിനു പിന്നിൽ പ്രമുഖ താരങ്ങളുടെകൂടി ഇടപെടലുണ്ടായിരുന്നു.
മമ്മൂട്ടിയുൾപ്പടെയുള്ളവർ ഇന്നസെന്റിനായി വൈകാതെ കളത്തിലിറങ്ങുമെന്നാണു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇന്നസെന്റിനായി താരങ്ങൾ ഏറെപ്പേരെത്തിയിരുന്നു. മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലുൾപ്പടെ ആവേശമുണ്ടാക്കാൻ അത് സഹായിച്ചു. മാറിയ സാഹചര്യത്തിൽ പ്രചാരണം കൂടുതൽ ശക്തവും ആകർഷകവുമാക്കിയാലേ സീറ്റ് നിലനിർത്താനാവൂ എന്ന് സ്ഥാനാർഥിയും ഇടതുകേന്ദ്രങ്ങളും കണക്കുകൂട്ടുന്നുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്പു തന്നെ ഇന്നസെന്റിനായി വൻ താരനിര പ്രചാരണത്തിനിറങ്ങുന്നതിനാവശ്യമായ ചർച്ചകൾ താരസംഘടനാതലത്തിലും പുറത്തും നടന്നു. താരങ്ങളെയിറക്കി പ്രചാരണം കൊഴുപ്പിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് ഏതാനും താരങ്ങൾ ചില ഉറപ്പുകൾകൂടി നൽകിയിട്ടുണ്ടത്രെ.
ഗ്രാമങ്ങളിൽ സ്ത്രീകളെ ഉൾപ്പടെയുള്ളവരുടെ വോട്ട് ഇന്നസെന്റിനുറപ്പിക്കാൻ താരങ്ങളുടെ സാന്നിധ്യം പ്രയോജനം ചെയ്യുമെന്നാണു പാർട്ടി പ്രാദേശിക ഘടകങ്ങൾ വിലയിരുത്തിയിട്ടുള്ളത്. പ്രാദേശികതലങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചുകൊണ്ടാകും താരങ്ങളുടെ പ്രചാരണം. സ്ഥാനാർഥിക്കൊപ്പവും അല്ലാതെയും താരങ്ങൾ വോട്ടു ചോദിക്കും. താരപ്രചാരണത്തിന്റെ സമയക്രമം തയാറാകുന്നുണ്ട്.
മമ്മൂട്ടിയും മറ്റു പ്രമുഖ താരങ്ങളും പ്രചാരണത്തിനിറങ്ങുന്ന കാര്യത്തിൽ സമ്മതമറിയിച്ചിട്ടുണ്ടെന്നു തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്നവർ അറിയിച്ചു. എറണാകുളത്ത് പി. രാജീവിനായും താരങ്ങൾ പ്രചാരണത്തിനിറങ്ങും. അതേസമയം താരസംഘടനയുമായി തെറ്റിനിൽക്കുന്ന നടിമാരുടെ കൂട്ടായ്മ പൂർണമായി ഇന്നസെന്റിനായി പ്രചാരണത്തിനിറങ്ങാൻ സാധ്യതയില്ലെന്നു സൂചനയുണ്ട്.