ചാലക്കുടി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ വിവാദം കത്തിപ്പടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണത്തിനായി മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ സമീപിച്ച മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ മറുപടി കേട്ട് അമ്പരന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് ഇന്നസെന്റ് നല്‍കിയത്. മീറ്റിങ്ങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടി വരാനുണ്ട്. അതിന് കാത്തിരിക്കുകയാണ്…, എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.
മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവര്‍ത്തിക്കുക മാത്രമാണ് ഇന്നസെന്റ് ചെയ്തത്.ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുണ്ടോ, അമ്മയുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഈ തീരുമാനത്തോടുള്ള നിലപാട് എന്താണ്.
ഗണേഷ് കുമാറിന്റെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്നീ ചോദ്യങ്ങള്‍ക്കാണ് പരിഹസിച്ച് ഇന്നസെന്റ് മറുപടി നല്‍കിയിരിക്കുന്നത്. എന്തായാലും ഇന്നസെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.