കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ ‘കാവല്ക്കാരന് കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വെച്ച ഹാഷ്ടാഗ് ക്യാംപയിന് സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ലഭിക്കുന്നത്.
സിനിമയിലെ ‘കള്ളന്’ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പുതിയ ഹാഷ്ടാഗ് ക്യാംപയിനെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. ഇപ്പോഴിതാ പ്രധാനമന്ത്രിയെ ട്രോളി നടനും ലോക്സഭാ സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റ് രംഗത്തെത്തിയിരിക്കുന്നു. ‘നന്ദനം’ സിനിമയില്‍ ഇന്നസെന്റ് തന്നെ അവതരിപ്പിച്ച കേശവന് നായര്‍ എന്ന കഥാപാത്രവും കുമ്പിടിയെന്ന ജഗതി അവതരിപ്പിച്ച കള്ളന് കഥാപാത്രവും തമ്മിലുള്ള രംഗം ഷെയര്‍ ചെയ്ത് ‘ വിത്ത് ചൗക്കിദാര്‍ കുമ്പിടി” എന്ന് പറഞ്ഞായിരുന്നു ഇന്നസെന്റിന്റെ ട്രോള്‍.
ഫേസ്ബുക്കില്‍ തൊട്ടുമുന്‍പ് ഷെയര്‍ ചെയ്ത പോസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ട്രോളി ഇന്നസെന്റ് രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റില്‍ പി. കരുണാകരന് എം.പി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേട്ടിരിക്കുന്ന തന്റെ ചിത്രമായിരുന്നു ഇന്നസെന്റ് ഷെയര്‍ ചെയ്തത്. അതേ ചിത്രത്തില്‍ രാഹുല്‍ ഗാന്ധി ഇരുന്ന് ഉറങ്ങുന്നതും കാണാം. ‘ഉണര്‍ന്നിരുന്ന് ചാലക്കുടിക്ക് വേണ്ടി” എന്ന അടിക്കുറിപ്പോടെയായിരുന്നു ഇന്നസെന്റ് ചിത്രം പങ്കുവെച്ചത്.