സ്വന്തം ലേഖകൻ
തിരുവനന്തപുരം: ധനവകുപ്പിന്റെ എതിർപ്പ് മറികടക്കാൻ മന്ത്രിസഭയുടെ പരിഗണനയിൽ എത്തിച്ച് അഡ്വക്കറ്റ് ജനറലിനു പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങാൻ സർക്കാർ ഉത്തരവിറക്കി.
എജിക്കു പുതിയ കാർ വാങ്ങാൻ 16.18 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ നിയമ സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സാഹചര്യത്തിലാണു പുതിയ വാഹനം വാങ്ങുന്ന നിർദേശത്തിൽ ധനവകുപ്പ് എതിർപ്പ് അറിയിച്ചത്.
എജി കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിലവിൽ ഉപയോഗിക്കുന്ന കാർ 2017 ഏപ്രിലിലാണു വാങ്ങിയത്. അഞ്ചു വർഷം മാത്രമാണു കാർ ഓടിയത്.
എന്നാൽ, ഇതുവരെ 86,552 കിലോമീറ്റർ ഓടിയ വാഹനം ദീർഘദൂര യാത്രകൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതിനാൽ പുതിയതു വേണമെന്നായിരുന്നു ആവശ്യം.
നിയമമന്ത്രി കൂടി എജിയുടെ തീരുമാനത്തെ അനുകൂലിച്ചതോടെയാണ് ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയത്. നേരത്തേ മുഖ്യമന്ത്രിക്കു പുതിയ കാർ വാങ്ങാൻ 33.5 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഏതാനും നാൾ മുന്‍പാണു മുഖ്യമന്ത്രിക്കു പുതിയ ഇന്നോവ കാർ വാങ്ങിയത്.