ഓട്ടോസ്പോട്ട് /അജിത് ടോം
കാണാൻ അതിഗംഭീരം, കരുത്തിലും ബഹുകേമം- ഇതായിരുന്നു ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കിണങ്ങുന്ന വിശേഷണം. എന്നാൽ, നിരത്തിലെത്തിയ ക്രിസ്റ്റയെ കാത്തിരുന്നത് നിറയെ പ്രതിസന്ധികളായിരുന്നു. പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ 2500 സിസിക്കു മുകളിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ നടക്കുന്നില്ല. ഇതായിരുന്നു ആദ്യതടസം. എന്നാൽ, അതിനെ അതിജീവിച്ചപ്പോൾ കറൻസി റദ്ദാക്കൽ അടുത്ത വില്ലനായെത്തി. എന്നാൽ, പ്രതിസന്ധികൾ ഒരാളെ കരുത്തനാക്കുമെന്ന ചൊല്ല് അന്വർഥമാക്കിക്കൊണ്ട് ക്രിസ്റ്റ ജനമനസിലും നിരത്തിലും സ്ഥാനമുറപ്പിക്കുകയായിരുന്നു. പുറത്തിറങ്ങി അധികം വൈകും മുന്പുതന്നെ ക്രിസ്റ്റയിൽനിന്നു പുതിയ ഒരു അവതാരം പിറവിയെടുക്കുകയാണ് ടൂറിംഗ് സ്പോർട്ട്. ടൊയോട്ടയിൽനിന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൂറിംഗ് സ്പോർട്ടിന്റെ വിശേഷങ്ങളിലേക്ക്….
ക്രിസ്റ്റയുടെ വി, സെഡ് ഓപ്ഷനിലുള്ള വാഹനമാണ് ടൂറിംഗ് സ്പോർട്ടായി എത്തുന്നത്. പെട്രോൾ ഡീസൽ എൻജിനുകളിൽ അവതരിപ്പിക്കുന്ന ടൂറിംഗ് സ്പോർട്ടിന്റെയും മുഖമുദ്ര സ്റ്റൈൽ തന്നെയാണ്.
പുറംമോടി
ക്രിസ്റ്റയുടെ മുൻഭാഗം തന്നെയാണ് ടൂറിംഗ് സ്പോർട്ടിനും നല്കിയിരിക്കുന്നതെങ്കിലും ആകർഷകമാക്കുന്നതിനായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അല്പം താഴന്ന ബോണറ്റും ഗ്ലോസി ബ്ലാക്ക് ഫിനീഷിംഗ് ഗ്രില്ലും ഡുവൽ പ്രൊജക്ഷൻ ഹെഡ്ലാന്പിനുമൊപ്പം അവിടിവിടങ്ങളിലായി ക്രോം ഫിനീഷിംഗ് ലൈനുകളും സ്ട്രിപ്പുകളും ചേർന്നാണ് മുൻവശം മനോഹരമാക്കിയിരിക്കുന്നത്. മുന്നിലെ ബംപറിന്റെ താഴെ പ്ലാസ്റ്റിക് ക്ലാഡിംഗുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ബംപറിനു കൂടുതൽ സുരക്ഷയൊരുക്കുന്നു.
വശങ്ങളും സ്റ്റൈലിഷ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്. ബ്ലാക്ക് വീൽ ആർച്ച്, ക്ലാഡിംഗിൽ നല്കിയിരിക്കുന്ന ക്രോം ആവരണം, ബ്ലാക്ക് ബി പില്ലർ എന്നിവയ്ക്കു പുറമേ കറുപ്പു നിറത്തിലുള്ള അലോയി വീൽ നല്കിയിരിക്കുന്നത് വശങ്ങളെ ഏറെ മനോഹരമാക്കുന്നു.
പിൻഭാഗവും ക്രിസ്റ്റയുടേതിനു സമാനമാണ്. എന്നാൽ, അനിവാര്യമായ മാറ്റങ്ങൾ ഇവിടെയും കാണാൻ കഴിയും. ടെയിൽ ലാന്പുകളെ ബന്ധിപ്പിക്കുന്ന ഗ്ലോസി ബ്ലാക്ക് ഡോർ ഗാർണിഷും അതിൽ നല്കിയിരിക്കുന്ന ടൊയോട്ടയുടെ ലോഗോയും ആകർഷകമാണ്. കൂടാതെ, ക്ലാഡിംഗുകളിലുള്ള ക്രോം ലൈനും ക്രോം ഫിനീഷിംഗിൽ ടൂറിംഗ് സ്പോർട്ട് എന്ന് എഴുതിയിരിക്കുന്നതും പിൻഭാഗത്തെ പ്രത്യേകതയാണ്.
ഉൾവശം
ക്രിസ്റ്റയിൽനിന്നു ടൂറിംഗ് സ്പോർട്ടിലേക്കുള്ള മാറ്റത്തിനൊപ്പം ഇന്റീരിയറിനും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ബ്ലാക്ക് ഇന്റീരിയറിനെ കറുപ്പണിയിച്ചതാണ് ഇതിൽ പ്രധാനം. ഡാഷ്ബോർഡ് സീറ്റ് തുടങ്ങി ഉൾഭാഗത്തിനു നല്കിയ കറുപ്പുനിറം വളരെ ആകർഷകമാണ്. സോഫ്റ്റ് ടച്ച് പ്ലാസ്റ്റിക് ഇന്റീരിയറിലെ വുഡൻ ലൈനുകളാണ് മറ്റൊരു ആകർഷണീയത. സെന്റർ കണ്സോൾ, സ്റ്റിയറിംഗ് വീൽ, മീറ്റർ കണ്സോൾ എന്നിവ ക്രിസ്റ്റയിൽനിന്നു പറിച്ചുനട്ടവതന്നെയാണ്. എന്നാൽ, ലെതർ ഫിനീഷിംഗ് സീറ്റുകൾ മികവുറ്റതാണ്. കറുപ്പിൽ ചുവന്ന നൂലുപയോഗിച്ചിരിക്കുന്നത് ഒരു ഡിസൈനാക്കി മാറ്റിയിട്ടുണ്ട്. സീറ്റിംഗ് സംവിധാനം, സ്റ്റോറേജ് സ്പേസ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല.
എൻജിൻ
പ്രകടനത്തിലും ക്രിസ്റ്റയ്ക്കു തുല്യനായ ടൂറിംഗ് സ്പോർട്ട് പക്ഷേ രണ്ടു തരം ഡീസൽ എൻജിനുകളിലും പെട്രോൾ എൻജിനിലും പുറത്തിറക്കുന്നുണ്ട്.
2.8 ലിറ്റർ ഡീസൽ എൻജിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സാണുള്ളത്. 2755 സിസിയിൽ 174 പിഎസ് കരുത്തും 360 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു.
2.4 ലിറ്റർ ഡീസൽ എൻജിൻ മോഡലിൽ അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സാണ് നല്കിയിരിക്കുന്നത്. ഇത് 2393 സിസിയിൽ 150 പിഎസ് പവറും 343 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
2.7 ലിറ്റർ പെട്രോൾ എൻജിനിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലും അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്സിലും പുറത്തിറക്കുന്നുണ്ട്. ഇത് 166 പിഎസ് പവറും 245 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
വില: ടൂറിംഗ് സ്പോർട്ടിന്റെ പെട്രോൾ മാന്വൽ മോഡലിന് 17.79 ലക്ഷവും, ഓട്ടോമാറ്റികിന് 20.84 ലക്ഷവും, ഡീസൽ മാന്വൽ മോഡലിനു 18.91 ലക്ഷവും, ഓട്ടോമാറ്റിക്കിന് 22.15 ലക്ഷവുമാണ് എക്സ് ഷോറൂം വില.