കോഴിക്കോട് : പെണ്‍കുട്ടികളേയും യുവതികളേയും മറ്റും കാണാതാവുന്നതിന് പിന്നാലെ പോലീസ് അന്വേഷണത്തിന് വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നത് പലപ്പോഴും പരാതിക്കാര്‍ തന്നെ !
ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളേക്കാള്‍ കൂടുതല്‍ മിസിംഗ് കേസുകള്‍ അന്വേഷിക്കുന്നതിനായി പോലീസുകാര്‍ സഞ്ചരിക്കുന്നത് പരാതിക്കാര്‍ക്കൊപ്പമാണ്.
ഇക്കാര്യം ഉന്നതപോലീസുദ്യോഗസ്ഥര്ക്കുമറിയാം. എന്നാല്‍ സദുദ്യേശത്തോടെയുള്ള ഇടപെടലായതിനാല്‍ നടപടിയും സ്വീകരിക്കാറില്ല.
അതേസമയം വീടുവിട്ടിറിങ്ങിയ പെണ്മക്കളെ കണ്ടെത്താന്‍ ഡല്‍ഹിയിലേക്കുള്ള അന്വേഷണത്തിനായി വിമാനടിക്കറ്റ് എഎസ്ഐ വാങ്ങിയത് വിവാദമായതിന് പിന്നാലെ മിസിംഗ് കേസുകള്‍ അന്വേഷണത്തിലെ “ഫ്രീ സവാരി’ യില്‍ പോലീസുകാര്‍ ആശങ്കയിലായി.
കാണാതായവരെ കണ്ടെത്തുന്നതില്‍ പോലീസുകാരുടെ ഇടപെടല്‍ പലപ്പോഴും പരാതിക്കാര്‍ക്ക് സഹായകമാണ്. അതിനാല്‍ പോലീസുകാര്‍ക്ക് വാഹനസൗകര്യമേര്പ്പെടുത്തിയെന്ന പരാതി ആരും ഉന്നയിക്കാറുമില്ല.
നിലവില്‍ വിമാനടിക്കറ്റ് ചോദിച്ചുവാങ്ങിയ എഎസ്ഐയെ സ്ഥലം മാറ്റിയതോടെ പരാതിക്കാരുടെ ഒപ്പമുള്ള സൗജന്യയാത്രക്കില്ലെന്നാണ് പോലീസുകാര്‍ പറയുന്നത്.
എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പോലീസുകാര്‍ മിസിംഗ് കേസുകളില്‍ അലംഭാവം കാണിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്ക്കും സാധ്യതയേറെയാണ്.
പ്രിയം ഇന്നോവ !
സദുദ്യേശത്തോടെ കണാതായവരെ കണ്ടെത്താന്‍ പുറപ്പെടുന്നവരെ കൂടാതെ കള്ളനാണയങ്ങളും പോലീസിലുണ്ട്. യാത്രയ്ക്ക് ഇവര്‍ പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നാണ് വിവരം.
സഞ്ചരിക്കാനുള്ള വാഹനമാണ് ഇതില്‍ ഏറ്റവുംപ്രധാനം. ഇന്നോവ കാറിനോടാണ് പലര്‍ക്കും പ്രിയം. ഇക്കാര്യം പരാതിക്കാരോട് പരസ്യമായി ആവശ്യപ്പെടും.
ആവശ്യം നടക്കുന്നതിനായി പരാതിക്കാര്‍ യാതൊരുമടിയുമില്ലാതെ പറയുന്ന കാര്യങ്ങള്‍ സാധിപ്പിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
ഉന്നതപോലീസുദ്യോഗസ്ഥര്ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ഇന്നോവയില്‍ ഒരു ദിവസമെങ്കിലും അധികാരമുള്ള ഓഫീസറായി വാഴാനും ചിലര്‍ക്ക് താല്പര്യമേറെയാണ്.
ദുരിതമറിഞ്ഞും പോലീസുകാര്‍
കാണാതായ യുവതി പീരുമേടുണ്ടെന്നും ഉടന്‍ എത്തണമെന്ന നിര്‍ദേശമായിരുന്നു കോഴിക്കോട് സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് എത്തിയ സന്ദേശം.
രാവിലെ 11 ഓടെ സന്ദേശമെത്തിയെങ്കിലും പരാതിക്കാര്‍ ആരും കോഴിക്കോടുണ്ടായിരുന്നില്ല. പാവപ്പെട്ട കുടുംബമായതിനാല്‍ ഡിപ്പാര്‍ട്ട്മെന്റ് ജീപ്പില്‍ തന്നെ വനിതാപോലീസും മറ്റു രണ്ടുപോലീസുകാരും പീരുമേടിലേക്ക് തിരിച്ചു.
തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലത്തെത്തുമ്പോഴേക്കും നേരം ഇരുട്ടായിരുന്നു. പെണ്‍കുട്ടിയെ സുരക്ഷിതയായി കോഴിക്കോടെത്തിച്ച ശേഷമാണ് പോലീസുകാര്‍ വിശ്രമിച്ചത്.
യാത്രയും ഭക്ഷണവും സൗജന്യം
പെണ്‍കുട്ടികളെ കാണാതായെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്നവര്‍ക്ക് എല്ലാ നിയമസഹായങ്ങളും പോലീസ് ചെയ്ത് നല്‍കുന്നുണ്ട്.
പെണ്‍കുട്ടിയുടെ വിവരങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നല്‍കും. ഇപ്രകാരം എവിടെയെങ്കിലും കാണാതായവരെ കണ്ടെത്തിയാല്‍ അതത് സ്ഥലത്തുള്ള പോലീസ് കസ്റ്റഡിയിലെടുക്കും.
ഈ വിവരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേഷനില്‍ അറിയിക്കും. തുടര്‍ന്ന് പോലീസുകാര്‍ പരാതിക്കാരെ വിവരമറിയിക്കുകയും വാഹനസൗകര്യം ഏര്‍പ്പെടുത്താന്‍ പറയുകയുമാണ് പതിവ്.
പെണ്കുട്ടികളായതിനാല് പോലീസ് വാഹനത്തില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പരാതിക്കാര്‍ തന്നെ വാഹനം ഏര്‍പ്പെടുത്തും.
കസ്റ്റഡിയിലെടുത്തവര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ പോലീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ മാത്രമേ പിടിച്ചുവയ്ക്കാന്‍ പറ്റുകയുള്ളൂ.
അതിനുള്ളില്‍ എത്തിയില്ലെങ്കില്‍ വിട്ടയക്കേണ്ടി വരും. അതിനാല്‍ ഉടന്‍ എത്താനും മറ്റും പരാതിക്കാര്‍ സ്വമേധയാ വാഹനമേര്പ്പെടുത്തും പോലീസ് സ്റ്റേഷനില്‍ ഔദ്യോഗിക വാഹനങ്ങള്‍ കുറവുള്ളതിനാലാണ് പലപ്പോഴും പരാതിക്കാരോട് വാഹനവുമായെത്താന്‍ ആവശ്യപ്പെടാറുള്ളത്.
സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് ഡിപ്പാര്‍ട്ട്മെന്റ് വാഹനം അനുവദിക്കുന്നതിന് പ്രത്യേകം അനുമതി ആവശ്യമാണ്.
ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഫ്രീ സവാരി നടത്താന്‍ പോലീസുകാരെ പ്രേരിപ്പിക്കുന്നത്. യാത്രയില്‍ ഭക്ഷണവും മറ്റും പരാതിക്കാരുടെ വകയാണ്. അതേസമയം ടിഎയും മറ്റു അലവന്‍സുകളും പോലീസുകാര്‍ കൈപ്പറ്റാറുണ്ട്.