കൊച്ചി: വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാൻ ദുബായിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബായിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്.
തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാൻ നിയോഗിച്ചതായി നാവികസേന അറിയിച്ചു. ഐഎൻഎസ് ജലാശ്വയും ഐഎൻഎസ് മഗറുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്.
ഐഎൻഎസ് ഷർദുലാണ് ദുബായിൽ എത്തുക. പ്രവാസികളുമായി കപ്പലുകൾ കൊച്ചിയിലേക്കാണ് എത്തുക. ഐഎൻഎസ് മഗറും ഐഎൻഎസ് ഷർദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎൻഎസ് ജലാശ്വ ഈസ്റ്റേണ്‍ നേവൽ കമാൻറിൻറെ കപ്പലാണ്. കേന്ദ്ര നിർദേശം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കപ്പലുകൾ യാത്ര തിരിച്ചിരിക്കുന്നത്.
കപ്പലുകൾ രണ്ടു ദിവസത്തിനകം ദുബൈയിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. സാധാരണഗതിയിൽ ഒരു കപ്പലിൽ 500-600 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുക. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര പേരെ ഉൾക്കൊള്ളിക്കാമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.