തനി കൊച്ചിക്കാരന്‍! കടലിലെ ഇന്ത്യന്‍ പോര്‍മുഖം; രാജ്യത്തെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍എസ് വിരാട് ചരിത്രമാകുന്നു

ബേസില്‍ ആലങ്ങാടന്‍

ins-viraat1

കടലിലെ ഇന്ത്യന്‍ പോര്‍മുഖം ഇനി ചരിത്രം. നാവികസേനയുടെ ഐതിഹാസിക പോരാട്ട ങ്ങള്‍ക്കു ശക്തിനല്‍കിയ രാജ്യത്തെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐഎന്‍ എസ് വിരാട് സേവനമവസാനിപ്പിക്കുകയാണ്.
29 വര്‍ഷം ഇന്ത്യന്‍ നാവികസേനയുടെ ശക്തി യായിരുന്ന യുദ്ധകപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യുന്ന തിനുള്ള നടപടികള്‍ ഈ വര്‍ഷം നവംബറില്‍ ആരംഭിക്കും. മുംബൈയില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചാണ് നാവികസേന ഗ്രാന്റ് ഓള്‍ഡ് ലേഡി എന്നു വിളിപ്പേരുള്ള വിരാടിന്റെ സേവനം അവസാനിപ്പിക്കുക.

ഡീക്കമ്മീഷനു മുന്നോടിയായി അവസാനഘട്ട അറ്റകുറ്റപ്പണിക്കായി  (ഡീക്കമ്മീഷനിംഗ് റീഫിറ്റ്) കൊച്ചിയിലെത്തിച്ച വിരാടിനെ അടുത്ത ആഴ്ച്ചയോടെ മുംബൈ പശ്ചിമനാവികസേനാ ആസ്ഥാനത്തേക്കു കൊണ്ടുപോകും. എന്‍ജിനും പ്രൊപ്പല്ലറും അഴിച്ചു മാറ്റിയതിനാല്‍ മറ്റു കപ്പലുകളുടെ  സഹായത്തോടെ കെട്ടിവലിച്ചാ യിരിക്കും വിരാടിനെ തിരികെ മുംബൈയിലെത്തിക്കുക. സ്വന്തം പ്രൊപ്പല്ലറുകളുപയോഗിച്ചുള്ള  വിരാട് നടത്തിയ അവസാനയാത്രയായിരുന്നു കൊച്ചിയിലേത്. കപ്പല്‍ മുംബൈയില്‍ എത്തിക്കാന്‍ എട്ടു മുതല്‍ പത്തു വരെ ദിവസങ്ങളെടുക്കുമെന്നാണു കരുതുന്നത്. കാലാവസ്ഥയും പാതയും  കണക്കാക്കി മാത്രമേ പുറപ്പെടുന്ന തീയതി നിശ്ചയിക്കാന്‍ സാധിക്കൂ.

അറ്റകുറ്റപ്പണികള്‍ നടത്തിയതും കൊച്ചിയില്‍

വിരാട് തനി കൊച്ചിക്കാരനാണ്. ഡീകമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായി അവസാന സന്ദര്‍ശനത്തിനായി ഐഎന്‍എസ് വിരാട് കൊച്ചിയിലെത്തിയത് ജൂലൈ 28നാണ്. 1991 മുതല്‍ കൊച്ചിയില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തു വരുന്ന വിരാടിന്റെ ഡീക്കമ്മീഷനു മുന്നോടിയായ അവസാനഘട്ട അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. രണ്ടു മാസത്തോളം കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. വിശാഖപട്ടണത്തു നടന്ന ഫ്‌ളീറ്റ് റിവ്യൂവിനു മുന്നോടിയായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കപ്പല്‍ കൊച്ചിയിലെത്തിയിരുന്നു. പ്രായത്തിന്റെ അവശതകളെ മറികടക്കാന്‍ വിരാടിനെ സഹായിച്ചിരുന്നത് കൊച്ചിയില്‍ നടത്തിയിരുന്ന സുഖചികിത്സയാണ്.

തലമുറകളുടെ വിരാട്

വിരാടിനോടു നാവിക സേന ഉദ്യോഗസ്ഥര്‍ക്കു വൈകാരിക ബന്ധമാണുള്ളത്. കാലപ്പഴക്കം മൂലമാണ് കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലമായി ഉപയോഗത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലാണ് വിരാട്. അടുത്ത വര്‍ഷം ഈ യുദ്ധക്കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യാനാണു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യന്‍ നാവിക ചരിത്രത്തിന്റെ പ്രൗഢമായ അധ്യായത്തിന് ഇതോടെ തിരശീല വീഴും. ഡീകമ്മീഷന്‍ ചെയ്തതിനു ശേഷം വിരാടിനെ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തില്‍ പ്രതിരോധ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല. കപ്പലിന്റെ 22-ാമത്തെ കമാന്റിംഗ് ഓഫീസറായ പുനീത് ചദ്ധയാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍.

ആവിയില്‍ കുതിച്ച വിരാട്

ins-viraat2

നിലവില്‍ ആവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണ് വിരാട്. നാവിക സേനയില്‍ 57 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വിരാട്, 1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് കമ്മിഷന്‍ ചെയ്തത്. തടി കൊണ്ടു നിര്‍മിച്ച പായ് കപ്പലില്‍ തുടങ്ങി ലോഹം കൊണ്ടു നിര്‍മിച്ച ശരീരവുമായി പുതു ജനനം നേടുന്നതു വരെ 10 തലമുറ കപ്പലുകളായി ഹെംസ് ബ്രിട്ടനെ സേവിച്ചിരുന്നു. 1985 വരെ റോയല്‍ നാവികസേനയുടെ ഭാഗമായിരുന്നു ഹെംസ്. 1982 ല്‍ നടന്ന പ്രസിദ്ധമായ ഫോക്ലാന്‍ഡ് യുദ്ധത്തില്‍ ഹെംസ് ബ്രീട്ടീഷ് നാവികസേനയുടെ കരുത്തുറ്റ പോരാളിയായിരുന്നു. ഫോക്ലാന്‍ഡിന്റെയും സൗത്ത് ജോര്‍ജിയയുടെയും ആധിപത്യത്തിനായി ബ്രിട്ടണും അര്‍ജന്റീനയുമായി നടന്ന യുദ്ധത്തില്‍ ഹെംസും സീ ഹാരിയര്‍ യുദ്ധ വിമാനങ്ങളുമായിരുന്നു ബ്രീട്ടീഷ് നാവികസേനയുടെ കരുത്ത്. 100 ദിവസം നീണ്ട യുദ്ധത്തില്‍ ഹെംസ് തന്റെ കരുത്ത് തെളിയിച്ചു.

1986 ഏപ്രിലിലാണു ഇന്ത്യ ഈ കപ്പല്‍ വാങ്ങി എഎന്‍എസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്കു കമ്മീഷന്‍ ചെയ്യുന്നത്. അന്നു മുതല്‍ ഇന്നു വരെ നാവിക സേനയുേെട വിശ്വസ്ത പോരാളിയെന്നാണു സേനാംഗങ്ങള്‍ വിരാടിനെ വിശേഷിപ്പിക്കുന്നത്. സമുദ്രത്തില്‍ നിന്ന് പിന്‍വലിക്കപ്പെടുന്നതിന് മുമ്പ് കൊച്ചിയെ വീണ്ടുമൊന്ന് കാണാനാണ് ഇന്ത്യയുടെ യുദ്ധപുത്രിയെത്തിയത്.

2250 ദിവസം ഇന്ത്യന്‍ പതാകയുമായി കടലില്‍ സഞ്ചരിച്ചിട്ടുള്ള വിരാട് 1989ലെ ഓപ്പറേഷന്‍ ജുപ്പിറ്റര്‍, 1999ലെ ഓപ്പറേഷന്‍ വിജയ് തുടങ്ങിയ നിര്‍ണായക സൈനിക ഇടപെടലുകളില്‍ സൈന്യത്തിനൊപ്പം കരുത്തായി നിലയുറപ്പിച്ചിരുന്നു. ഓപ്പറേഷന്‍ ജുപ്പിറ്ററിന്റെ ഭാഗമായി ശ്രീലങ്കയിലെ കലാപ സമയത്തു വിഐപികളെ ഒഴിപ്പിക്കാന്‍ നിയോഗിച്ചതും നാവിക സേനയുടെ മാനസപുത്രിയെ തന്നെയാണ്. ഒട്ടേറെ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ മുന്നേറ്റത്തിനു ചുക്കാന്‍ പിടിച്ച വിരാടിന്റെ ചരിത്രം ഓരോ സൈനികനും ആവേശമാണ്.

ചലിക്കുന്ന സൈനിക വിമാനത്താവളം

പ്രവര്‍ത്തന മികവു കൊണ്ടു അന്നു ലോകോത്തരമായിരുന്ന വിരാട് ഇന്ത്യന്‍ നാവിക സേനയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. 227 മീറ്റര്‍ നീളമുള്ള പടക്കപ്പലില്‍ 1500 ലേറെ പേരെ  താമസിപ്പിക്കാന്‍ സൗകര്യമുണ്ട്. സീ ഹാരിയര്‍ പോര്‍വിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകള്‍ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്. ശ്രീലങ്കയിലെ സമാധാന സംരക്ഷണ സേനയെ പിന്തുണക്കാനടക്കം നിരവധി നിര്‍ണായക നീക്കങ്ങളില്‍  നാവിക സേന ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

2010നു മുമ്പേ വിരാടിനെ ഡീകമ്മീഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശമെങ്കിലും റഷ്യയില്‍ നിന്നു വാങ്ങിയ യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യ രാജ്യത്തിനു കൈമാറാന്‍ വൈകിയതിനാല്‍ ഇതു നീളുകയായിരുന്നു. ഈ വര്‍ഷം മേയ് ആറിന് സീ ഹാരിയര്‍ വിമാനങ്ങളും അവസാനമായി വിരാടില്‍ നിന്നു പറന്നുയര്‍ന്നു. സീ ഹാരിയര്‍ ഫാലീറ്റിന് ഗോവയിലെ ഐഎന്‍എസ് ഹന്‍സയിലാണ് വിടവാങ്ങല്‍ നല്‍കിയത്. നേവിയുടെ സീഹാരിയര്‍ വിമാനങ്ങളായിരുന്നു വിരാടിന്റെ പ്രധാനപ്പെട്ട കരുത്ത്.

വിരാടിന്റെ ഡീക്കമ്മീഷനോടെ ഇന്ത്യന്‍ നാവിക സേനയ്ക്കു നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാകും. തദ്ദേശീയമായി വികസിപ്പിക്കുന്ന ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്കു ഭാവിയില്‍ മുതല്‍കൂട്ടാണെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ല. കൊച്ചിയില്‍ ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

വിരാടിന്റെ സ്വന്തം താരേന്ദ്ര പ്രതാപ് സിംഗ്

ins-viraat3

നാവിക സേനയിലെ അതികായനായ ഐഎന്‍എസ് വിരാടിനൊപ്പം സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണു ഓണററി സബ് ലഫ്റ്റനന്റ് താരേന്ദ്ര പ്രതാപ് സിംഗ്. ലഖ്‌നൗ സ്വദേശിയായ ഇദ്ദേഹം 1986ല്‍ നാവികസേനയുടെ ഭാഗമായ വിരാടിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു 24 വര്‍ഷമാകുന്നു. ഇന്ത്യന്‍ നേവിയില്‍ 32 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന താരേന്ദ്ര പ്രതാപ് സിംഗിനു വിരാട് വെറുമൊരു കപ്പലല്ല, ഒരു വികാരം കൂടിയാണ്.

1985 ഫെബ്രുവരി 11 ന് നാവികസേനയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സേവനമാരംഭിച്ച താരേന്ദ്ര പ്രതാപ് സിംഗിനു സര്‍വീസ് അടുത്ത വര്‍ഷം ഫെബ്രുവരി 28ന് അവസാനിക്കും. വല്ലാത്തൊരു ആത്മബന്ധമുണ്ട് അദ്ദേഹത്തിനു വിരാടിനോട്. വളരെ ചുരുങ്ങിയ നാളുകളൊഴിച്ചാല്‍ സര്‍വീസിന്റെ ഭൂരിഭാഗവും വിരാടിലായിരുന്നു. അതു കൊണ്ടു തന്നെയാവണം തന്റെ പ്രിയപ്പെട്ട പടക്കപ്പലിനൊപ്പം തന്നെ വിരമിക്കാന്‍ താരേന്ദ്ര പ്രതാപ് സിംഗിന അവസരം ലഭിച്ചത്. ഫെബ്രുവരിയോടെ വിരാടിന്റെ ഡിക്കമ്മീഷനിംഗും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts