ന്യൂഡല്‍ഹി: ഒരു കാലത്ത് ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായിരുന്നു ഐഎന്‍എസ് വിരാട്. സുദീര്‍ഘങ്ങളായ 30 വര്‍ഷത്തെ സേവനത്തിനൊടുവിലാണ് 58 വയസുള്ള പഴയ പടക്കുതിര കളം വിടാനൊരുങ്ങുന്നത്. മാര്‍ച്ച് ആറിന് വിരാടിന് യാത്രാ അയപ്പ് നല്‍കാനാണ് നാവികസേനയുടെ പദ്ധതി. ഇതിനു ശേഷം കപ്പല്‍ പൊളിച്ചു വില്‍ക്കാനാണ് പദ്ധതിയെന്നു കേള്‍ക്കുന്നു.
കപ്പല്‍ യുദ്ധവിമാനങ്ങളുടെ മ്യൂസിയമായി രൂപാന്തരപ്പെടുത്താന്‍ മറ്റൊരു പദ്ധതി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് നടപ്പാകുമോയെന്ന കാര്യത്തില്‍ ഇതുവരെയും യാതൊരു തീരുമാനവുമായിട്ടില്ല. 27,800 ടണ്‍ ഭാരമുള്ള കപ്പല്‍ 1987ല്‍ ബ്രിട്ടീഷ് നേവി ഇന്ത്യന്‍ നേവിയ്ക്കു നല്‍കിയതാണ്. ഇപ്പോള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരിനാണ് കപ്പലിന്റെ മേല്‍നോട്ടം. 13 നിലയുള്ള കപ്പല്‍ യുദ്ധവിമാനങ്ങളുടെ മ്യൂസിയമാക്കുന്നതിന് 1000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. കപ്പല്‍ മ്യൂസിയമാക്കുന്നതിലൂടെ വരുമാനവും ലഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കപ്പല്‍ ഏറ്റെടുക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍ തയ്യാറാണെങ്കിലും ഇതിനു ചെലവാകുന്നതിന്റെ പകുതി തുക പ്രതിരോധ മന്ത്രാലയം മുടക്കണമെന്ന നിലപാടിലാണ് അവര്‍.
എന്നാല്‍ പദ്ധതിയ്ക്കു വേണ്ട ഉപദേശവും സാങ്കേതിക സഹായവും നല്‍കാമെങ്കിലും ഇതിനായി വലിയ തുക മുടക്കാനില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്. കപ്പല്‍ ഡീകമ്മീഷന്‍ ചെയ്യുന്ന മാര്‍ച്ച് ആറിനു ശേഷം മാത്രമേ കപ്പല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടുകയുള്ളൂ എന്നാണ് പ്രതിരോധ മന്ത്രാലയം നല്കുന്ന സൂചന.
കപ്പലിന് നല്കുന്ന യാത്രാ അയപ്പില്‍ നാവികസേനാ മേധാവി സുനില്‍ ലാംബ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ബ്രിട്ടീഷ് നാവികസേനയിലെ മുതിര്‍ന്ന 20 ഉദ്യോഗസ്ഥരും പങ്കെടുക്കും. രാജ്യത്തിനായി 500,000 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിച്ചതിനു ശേഷമാണ് ഐഎന്‍എസ് വിരാട് യാത്ര അവസാനിപ്പിക്കാനൊരുങ്ങുന്നത്. 2014ല്‍ ഡീ കമ്മീഷന് ചെയ്ത ഐഎന്‍എസ് വിക്രാന്തിനു സംഭവിച്ച ദുര്‍ഗതി വിരാടിന് വരാതിരിക്കട്ടെയെന്നേ ആശംസിക്കാനാവൂ. പരിരക്ഷിക്കാനുള്ള ബുദ്ധിമുട്ടു കാരണം വിക്രാന്ത് പൊളിച്ചു വില്‍ക്കുകയായിരുന്നു.