ടി.ജി.ബൈജുനാഥ്
പാതിവിടർന്ന പൂവിതൾ പോലെ ഒരു പെണ്‍കുട്ടി. കടലോളമാണ് അവളുടെ സ്വപ്നങ്ങൾ. അവൾക്കു പേര് ഇൻഷ. വീൽച്ചെയറിലിരുന്ന് സ്വന്തം ജീവിതത്തിന്റെ സ്വപ്നവേഗങ്ങൾ മാറ്റിയെഴുതുന്ന പതിമൂന്നുകാരി.
ഡോ. സിജു വിജയൻ അവളുടെ മനസുറപ്പിന്റെ കഥ പറയുകയാണ്, സ്ക്രീനിൽ. സിനിമയ്ക്കും കഥയിലെ പെണ്‍കുട്ടിക്കും ഒരേ പേരാണ്, ഇൻഷ.
തോറ്റുകൊടുക്കാൻ മനസില്ലാത്ത ആ ജീവിതം സ്ക്രീനിൽ പകർന്നാടുന്നതു മാളയിൽ നിന്നു മലയാള സിനിമയിലെത്തിയ പ്രാർഥന സന്ദീപ് എന്ന ഒന്‍പതാം ക്ലാസുകാരി.
ഇൻഷയെന്നാൽ തുടക്കം, അനുഗ്രഹം. കേന്ദ്രകഥാപാത്രമായും ടൈറ്റിൽ വേഷത്തിലും പ്രാർഥനയ്ക്കിതു തുടക്കം. എഴുത്തുകാരനായും സംവിധായകനായും ബിഗ് സ്ക്രീനിൽ ഡോ. സിജുവിനും ആദ്യചിത്രമാണ് ഇൻഷ.
ദ ഗ്രേറ്റ് ഫാദർ
കുഞ്ഞുപ്രായത്തിൽ തന്നെ ആക്ടേഴ്സിനെ അനുകരിക്കുന്ന പ്രാർഥനയുടെ കഴിവ് കണ്ടെത്തിയതും ഓഡീഷനുകൾക്കു കൊണ്ടുപോയിരുന്നതും അമ്മൂമ്മയാണ്.
തണ്ണീർമത്തൻദിനങ്ങളുടെ സംവിധായകൻ ഗിരീഷിന്റെ ആൽബത്തിലാണ് പ്രാർഥനയുടെ അഭിനയത്തുടക്കം. മുതുകാടിനൊപ്പം ഏഷ്യാനെറ്റിൽ കുട്ടികളുടെ ഷോയിൽ പങ്കെടുത്ത പ്രാർഥന മൂന്നിൽ പഠിക്കുന്പോൾ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലൂടെ ആര്യയുടെ നീസ് വേഷത്തിൽ സിനിമയിലെത്തി.
ബെൽജിയം ഇന്റർനാഷ ണൽ എംഎംപി ഫിലിം ഫെസ്റ്റിൽ ഡോ.പി.വി. ജോസിന്റെ ‘ഖര’ ത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം പ്രാർ ഥന നേടി. ‘പൈപ്പിൻ ചുവട്ടിലെ പ്രണയ’ത്തിലെ മാളു ക്ലിക്കായതോടെ പ്രാർഥന ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
മെന്ററാണു ജയസൂര്യ
ആശാശരത്തുമായുള്ള മുഖസാ ദൃശ്യമാണ് ‘പ ുള്ളിക്കാരൻ സ്റ്റാറാ’ സിനിമയിൽ ആ നടിയുടെ ബാല്യകാലം ചെയ്യാൻ തുണയായതെന്നു പ്രാർഥന.
രഞ്ജിത് ശങ്കർ – ജയസൂര്യ സിനിമ ഞാൻ മേരിക്കുട്ടിയിൽ ജുവൽമേരിയുടെ മകളുടെ വേഷം. സിനിമയിൽ ഏറെ പ്രചോദിപ്പിക്കുന്ന വ്യക്തിയാണു ജയസൂര്യയെന്നു പ്രാർഥന പറയുന്നു: ‘മെന്ററായി കരുതുന്നു.
ഏറെ പോസിറ്റീവായ കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും എന്നോടു സംസാരിക്കു ന്നത്. ഏറെ ഡൗണ്‍ റ്റു എർത്താണ്.
അതുകൊണ്ടാണ് അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ഇത്രയും കന്പനിയാകാനായത്. ’
ലൂസിഫർ
‘ഞാൻ മേരിക്കുട്ടി’ കണ്ടാണ് പൃഥ്വിരാജ് പ്രാർഥനയെ ലൂസിഫറിലേക്കു വിളിച്ചത്. അതിൽ ഇന്ദ്രജിത്തിന്റെ മകളുടെ വേഷം. ‘ ലാലേട്ടന്റെ വീട്ടിലായിരുന്നു ഓഡിഷൻ.
അവിടെവച്ചാണു രാജുവേട്ടനെ കണ്ടത്. ഇന്ദ്രജിത്തിന്റെ മകളുടെ പേരും പ്രാർഥനയെന്നാണെന്നു രാജുവേട്ടൻ പറഞ്ഞു.
ക്ലൈമാക്സിൽ അമ്മയും മകളും ഓർഫനേജിലുണ്ടെന്ന് ഇന്ദ്രജിത്ത് സാർ പറയുന്ന സീനിലാണ് എന്റെ കഥാപാത്രം വരുന്നത്.
ശിവദച്ചേച്ചിയാണ് അമ്മയായി വേഷമിട്ടത് ’- പ്രാർഥന പറയുന്നു. പിന്നീട് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിൽ ജോണിആന്റണിയുടെ മകളായും പ്രാർഥന സ്ക്രീനിലെത്തി.
ഇൻഷയാകാനുള്ള തയാറെടുപ്പ്
ഓഡിഷനെത്തിയപ്പോൾ ഡയറക്ടർ ഡോ.സിജു ഇൻഷയിലെ ഒന്നു രണ്ടു സീനുകൾ പ്രാർഥനയെക്കൊണ്ട് ചെയ്യിപ്പിച്ചുനോക്കി. സെലക്ടാവണേ എന്നായിരുന്നു മടങ്ങുന്പോൾ അവളുടെ പ്രാർഥന. ഇൻഷയുടെ യാത്രകൾക്കൊപ്പം ചേരാൻ പ്രാർഥന റെഡിയായിരുന്നു. ഏറ്റവും ചലഞ്ചിംഗ് ആയി ചെയ്ത മൂവിയാണ് ഇൻഷയെന്ന് പ്രാർഥന.
‘വീൽചെയർ പരിശീലിക്കാനും കൊച്ചി സ്ളാംഗിൽ ഡയലോഗ് പഠിക്കാനും മൂന്നുമാസമെടുത്തു. കുറച്ചുനാൾ കൊച്ചിയിലെ അമ്മവീട്ടിൽ പോയിനിന്ന് കൊച്ചി സ്ളാംഗ് വശമാക്കി. ഡയലോഗ് പഠിച്ചെടുക്കാന്‍ സിജുസാറിന്റെ ഹെൽപ്പുണ്ടായി.
’ അമ്മയായി വേഷമിട്ട ആര്യ സലിം, അമ്മൂമ്മയായി അഭിനയിച്ച രാജേശ്വരി ശശികുമാർ, മാമനായി വേഷമിട്ട അനിൽ പെരുന്പളം, കുഞ്ഞാ ലിക്ക യായി വരുന്ന സുരേഷ് നെല്ലിക്കോട്, ഇസ്മയിലായി വേഷമിട്ട മനേക്ഷ, കൂട്ടുകാരായി വേഷമിട്ട ആദിത്യ, അനന്തു, മെബിൻ…എല്ലാവരും വലിയ സപ്പോർട്ടാണു തന്നതെന്നു പ്രാർഥന പറയുന്നു.
അവാർഡ്
വീൽചെയറിൽ കഴിയുന്ന ഇൻഷയ്ക്കു കടലുകാണാൻ വലിയ മോഹം. നിര വധിയായിരുന്നു പ്രതിസന്ധികൾ. അതൊക്കെ മറികടന്ന് അവൾ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണു സിനിമ. കൂട്ടുകാർക്കൊപ്പമുള്ള അവളുടെ യാത്രയുടെ കഥയാണത്.
ഷൂട്ടിംഗ് ദിനങ്ങൾ നന്നായി എൻ ജോയ് ചെയ്തെന്നു പ്രാർഥന: ‘ഞങ്ങൾ വള്ളത്തിൽ പോകുന്ന ഒരു സീനുണ്ട്.
മഴയിൽ വള്ളം ആടിയുലഞ്ഞ് എല്ലാവരും വെള്ളത്തിൽ വീണു. വീൽചെയർ എന്റെ മുകളിലേക്കും. കാലിൽ ചെറിയ പൊട്ടലുണ്ടായി. സിജുസാർ ഡോക്ടറുമായതിനാൽ മരുന്നുമായി കൂടെനിന്നു.’
‘ഇൻഷ കാണാൻ തിയറ്ററിൽ ശാരീരിക വെല്ലുവിളികളുള്ള രണ്ടു കുട്ടികൾ വന്നിരുന്നു. സിനിമ കഴിഞ്ഞ് അവർ നല്കിയ സ്നേഹത്തിനപ്പുറം എനിക്കു മറ്റൊരവാർഡ് കിട്ടാനില്ല’- പ്രാർഥന യായി ഈ വാക്കുകൾ.
ഫുൾടൈം വീൽചെയറിൽ
ഇൻഷയെ അക്ഷരങ്ങളിൽ വരച്ച ഡോ. സിജുവിന്റെ ജീവിതം ശരീരപേശികളുടെ ബലം കുറയുന്ന സ്പൈനൽ മസ്കുലർ അട്രോഫിയെത്തുടർന്ന് ആറു വർഷമായി വീൽചെയറിലാണ്.
‘എനിക്ക് ആക്്ഷനും കട്ടും പറയുന്ന സാറിന്റെ അവസ്ഥയും ഇൻഷയുടെ അവസ്ഥയും ഒന്നു തന്നെയാണ്. മുന്നിലിരിക്കുന്ന സാറിനെക്കണ്ട് അഭിനയിക്കുകയായിരുന്നു. കൈ കാലുകളുടെ ചലനങ്ങളാണു ഞാൻ ശ്രദ്ധിച്ചത്.
വീൽചെയറിൽ കാൽ വയ്ക്കുന്പോൾ ഒട്ടും കുലുങ്ങാൻ പാടില്ല. സെറ്റിൽ ഞാൻ ഫുൾടൈം വീൽചെയറിലായിരുന്നു.
വീൽചെയർ ജീവിതം റഫർ ചെയ്യാൻ സാർ അയച്ചുതന്ന വീഡിയോകൾ സഹായകമായി’ – കെഎസ്ഇബി ഓഫീസറായ അച്ഛൻ സന്ദീപിനും അമ്മ ഉണ്ണിമായയ്ക്കുമൊപ്പം മാളയിലെ വീട്ടിലിരുന്ന് പ്രാർഥന പറയുന്നു.
സിവപ്പ് മഞ്ചൾ പച്ചൈ
ഇൻഷയ്ക്കു ശേഷം പ്രാർഥന അഭിനയിച്ചതു ചൈൽഡ് അബ്യൂസ് പ്രമേയമായ ജെയ് ജിതിൻ പ്രകാശിന്റെ കണ്‍ഫെഷൻസ് ഓഫ് എ കുക്കൂവിൽ. കുട്ടികളുടെ കുന്പസാരമെന്ന് അർഥം.
അതിലെ കഥാപാത്രം അന്ന. പ്രൈം റീൽസ് റീലീസ്. അരവിന്ദ് രാജേന്ദ്രന്റെ ഫാദർ പ്രോമിസ് എന്ന ഡോക്യുമെന്ററിയിലും പ്രാർഥനയുടെ അഭിനയമുദ്രകൾ പതിഞ്ഞു.
പിച്ചൈക്കാരൻ സിനിമയുടെ സംവിധായകൻ ശശിയുടെ സിവപ്പ് മഞ്ചൾ പച്ചൈലൂടെയാണ് പ്രാർഥന തമിഴിലെത്തിയത്. അതിലെ ഹീറോയിൻ ലിജോമോളാണ് പ്രാർഥനയുടെ പേരു നിർദേശിച്ചത്. പ്രേമസൂത്രത്തിൽ ലിജോമോളുടെ കുട്ടിക്കാലം ചെയ്തതു പ്രാർഥനയാണ്.
അയ്യ ഉള്ളെൻ അയ്യ
ദശാവതാരം, തെനാലി, പടയപ്പ തുടങ്ങിയ ഹിറ്റുകളുടെ സംവിധായ കൻ കെ.എസ്.രവികുമാർ അഭിനയിച്ച കുട്ടികളുടെ ചിത്രം ‘അയ്യ ഉള്ളെൻ അയ്യ’ യിൽ പ്രാർഥന ഹീറോയിനായി.
തമിഴിൽ വിജയ് ആന്റണി – റിതിക സിംഗ് സിനിമയിലാണ് പ്രാർഥന ഇപ്പോൾ അഭിനയിക്കുന്നത്; വിജയ് ആന്റണിയുടെ മകളുടെ റോളിൽ. സത്യരാജിനൊപ്പം ഒരു വെബ്സീരിസിലും പ്രാർഥന വേഷമിടുന്നു.
‘വികൃതി’ ഡയറക്ടർ എംസി ജോസഫിന്റെ പുതിയ ചിത്രത്തി ലാണ് പ്രാർഥന ഇനി അഭിനയിക്കുന്നത്; മധുബാല, അന്നബെൻ, അർജുൻ അശോകൻ തുടങ്ങിയവർക്കൊപ്പം.
മാളയിലെ ഡോ. രാജു ഡേവിഡ് ഇന്റർനാഷണൽ സ്കൂളിൽ നിന്നുള്ള സപ്പോർട്ടാണ് പഠനവും സിനിമയും ഒന്നിച്ചുകൊണ്ടുപോകുന്നതെന്നു പ്രാർഥന പറയുന്നു.