തിരുവനന്തപുരം: കേരള പോലീസിലെ ഡോഗ് സ്ക്വാഡ് അംഗം ഇൻസ്പെക്ടർ കല്യാണിയുടെ മരണത്തിൽ ദുരൂഹത. കല്യാണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എട്ടു വയസായിരുന്നു കല്യാണിയുടെ പ്രായം. നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ഡോഗ് സ്ക്വാഡ് അംഗമാണ് കല്യാണി. വിഷം ഉള്ളിലെത്തിയാണ് കല്യാണി മരണപെട്ടതെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പൂന്തുറ ഡോഗ് സ്ക്വാഡ് എസ്ഐ ഉണ്ണിത്താൻ, നായയെ പരിശീലിപ്പിച്ച രണ്ട് പോലീസുകാർ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടി. സംഭവത്തിൽ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നവംബര്‍ 20 നാണ് കല്യാണി മരിച്ചത്. വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. എങ്ങനെയാണ് വിഷം നായയുടെ വയറ്റില്‍ എത്തിയതെന്ന് പോലീസ് അന്വേഷിക്കും.
നായയുടെ ആന്തരിക അവയവങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടാണോ അല്ലെങ്കില്‍ മറ്റ് ദുരുഹതയുണ്ടോ എന്നതിനെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കും.