ടോക്കിയോ: റീൽസ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് തെറ്റൊന്നുമല്ല. എന്നാൽ, റീൽസ് എടുക്കുന്ന സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആകെ പൊല്ലാപ്പാകും. ചിലിയൻ ജിംനാസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മരിയ ഡെൽ മാർ പെരസിന് ഉണ്ടായ അനുഭവം, റീൽസ് എടുക്കുന്നവർക്കെല്ലാം പാഠമായിരിക്കുകയാണ്.
വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോയാണു മരിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വർക്കൗട്ടിനായി ഇവർ ഉപയോഗിച്ചതാകട്ടെ ജപ്പാനിലുള്ളവർ വിശുദ്ധമെന്നു വിശ്വസിക്കുന്ന ഷിന്റോ ഗേറ്റ്. ഗേറ്റിൽ പിടിച്ച് പുൾ അപ്പുകൾ എടുക്കുന്ന റീൽസ് പ്രചരിച്ചതോടെ ജപ്പാനിലാകെ യുവതിക്കെതിരേ വിമർശനങ്ങൾ ഉയർന്നു.
റീൽസ് എടുക്കാൻ വേറെ സ്ഥലങ്ങളില്ലേ, എന്തിനാണു വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതെന്ന ചോദ്യങ്ങളുമുണ്ടായി. ടോറി എന്നറിയപ്പെടുന്ന ഷിന്റോ ഗേറ്റുകൾ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണു വിശ്വാസികൾ കണക്കാക്കപ്പെടുന്നത്.
ഷിന്റോ ആരാധനാലയങ്ങൾ തിരിച്ചറിയാനുള്ള മാർഗം കൂടിയാണു പ്രവേശനകവാടത്തിൽ സ്ഥാപിക്കുന്ന ഇത്തരം ഗേറ്റുകൾ. വിമർശനമുയർന്നതോടെ റീൽസ് പിൻവലിക്കുകയും സംഭവിച്ചതിൽ ഖേദം അറിയിച്ച് മരിയ മറ്റൊരു വീഡിയോ ഇടുകയും ചെയ്തു. ചിന്തിക്കാതെ ചെയ്ത പ്രവൃത്തിയാണെന്നും അതിൽ ഖേദിക്കുന്നുവെന്നും അവർ വീഡിയോയിൽ പറഞ്ഞു.