ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളുമായി കടന്നു കളയുകയായിരുന്നു.
നിരവധി മോഷണ കേസില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്ഫാന് (21) ആണ് കസബ പൊലീസിന്റെ പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തിയ അര്ഫാന് പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി അവിടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും മോഷ്ടിച്ചു.
ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞില്ല. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്ഫാന് വീട്ടില്‍നിന്ന് പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍ നിന്നായി 45,000 രൂപ പിന്‍വലിച്ചു.
പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ വന്നപ്പോഴാണ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എടിഎം അടങ്ങുന്ന ബാഗുമായി എവിടെയും പോയില്ലെന്നും വീട്ടില്‍ മോഷണം നടന്നിട്ടുണ്ടെന്നും വീട്ടമ്മ പറഞ്ഞു. എന്നാല്‍ മറ്റു വിലകൂടിയ സാധനങ്ങള്‍ ഒന്നും തന്നെ നഷ്ടപെട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ പണം പിന്‍വലിച്ച എടിഎമ്മില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചു. തനിക്കോ തന്റെ മക്കള്‍ക്കോ അറിയില്ലെന്ന് ഇവര്‍ ആണയിട്ടു പറഞ്ഞു.
എന്നാല്‍ മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് മകളെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്തു. കുട്ടിയും അറിയില്ലെന്നു പറഞ്ഞു. അപ്പോഴേക്കും പ്രതിയെക്കുറിച്ച് പൊലീസിനു കൃത്യമായ വിവരം ലഭിച്ചു.
ഒട്ടേറെ കേസുകളില്‍ മുന്‍പ് പ്രതിയായിരുന്നു അര്ഫാന്. അര്‍ഫാന്റെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ മകളുടെ ഫോണ്‍ രേഖകളും എടുത്തു.
ഫോണ്‍ രേഖകളില്‍നിന്നു അര്‍ഫാനുമായി പെണ്‍കുട്ടി ഒട്ടേറെത്തവണ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. രേഖകള്‍ മുന്നില്‍ നിര്‍ത്തി വിദ്യാര്‍ഥിനിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ചതിയില്‍പെട്ട കാര്യം പറയുന്നത്.
താന്‍ ബിരുദ വിദ്യാര്‍ഥിനിയാണെന്നും മാതാപിതാക്കള്‍ വിദേശത്താണെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.
അര്ഫാന് പല സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസില്‍ ഒട്ടേറെ തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ പറ്റിച്ചത്.