ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് അഞ്ച് പവന് സ്വര്‍ണാഭരണം തട്ടിയെടുത്തതായി പരാതി. ഇന്‍സ്റ്റഗ്രാം ഐഡി ഉടമ ഷംനാദ് എന്നയാള്‍ക്കെതിരേ വളയം പോലീസ് കേസ് എടുത്തു.
ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയെയാണ് അജ്ഞാതന്‍ കബളിപ്പിച്ച് മൂന്നു ലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായി കടന്നു കളഞ്ഞത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തിയ യുവാവ്, വില കൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്ന് യുവതിയോട് പറയുകയായിരുന്നു.
വാഗ്ദാനത്തില്‍ ആകൃഷ്ടയായ യുവതി ആഭരണങ്ങള്‍ നല്‍കാനായി യുവാവിനോട് വീടിന് പരിസരത്ത് എത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്ച്ച യുവാവ് പരാതിക്കാരിയുടെ വീടിന് സമീപം എത്തുകയും അഞ്ച് പവന് ആഭരണങ്ങള്‍ യുവതിയില്‍ നിന്ന് വാങ്ങുകയും പകരം പണമടങ്ങിയ ബാഗെന്ന് പറഞ്ഞ് ഗിഫ്റ്റ് നല്‍കുകയും ചെയ്തു.
വീട്ടിലെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും നല്കി വഞ്ചിച്ചെന്നു മനസി ലാക്കിയത്. ഇതിനിടെ യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും യുവതി പരാതിപ്പെട്ടു. വളയം പോലീസ് അന്വേഷണം ആരംഭിച്ചു.