ചിങ്ങവനം: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കൾ ചേർന്നു പലതവണ പീഡിപ്പിച്ച കേസിൽ 19കാരൻ പോലീസ് പിടിയിൽ.
തിരുവനന്തപുരം, കല്ലന്പലം സഞ്ജയ് നിവാസിൽ എസ്. സഞ്ജയ്(19) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് സഞ്ജയ് പരിചയപ്പെടുന്നത്. അടുപ്പം സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചതെന്നു ചിങ്ങവനം പോലീസ് പറഞ്ഞു.
പ്രതിയും സുഹൃത്തും പിന്നീട് പലതവണ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.കുട്ടിയുടെ കയ്യിലെ സ്വർണച്ചെയിൻ കാണാതായ സംഭവത്തോടെയാണ് പീഡന വിവരവും പുറത്തറിയുന്നത്.
ചെയിനിന്റെ കാര്യ തിരക്കിയപ്പോൾ ക്ലോസറ്റിൽ വീണെന്നു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാർ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്നു വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു.
ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ വീട്ടിൽനിന്നുമാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.