അന്പലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി വന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് പഞ്ചായത്ത് 21-ാം വാർഡിൽ കളത്തിൽ മുഹമ്മദ് സഫ്വാ(21)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പുറക്കാട് സ്വദേശിനിയായ 15 കാരിയുമായി പരിചയപ്പെട്ട് ഇൻസ്റ്റഗ്രാം പേജിൽ ഉണ്ടായിരുന്ന ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് മറ്റുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ അമ്പലപ്പുഴ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഒളിവിൽപ്പോയ പ്രതിയെ കുമളിയിൽനിന്നു കണ്ടെത്തുകയായിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷനിലും വളപട്ടണം സ്റ്റേഷനിലും കൊല്ലം ജില്ലയിലും സമാനമായ കേസുകളുണ്ട്.
ഇയാളിൽനിന്നു രണ്ട് മൊബൈൽ ഫോണുകളും നാല് സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദേശാനുസരണം അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.എൻ. രാജേഷിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഓഫീസർ പ്രതീഷ്കുമാർ, സബ് ഇൻസ്പെക്ടർ പ്രിൻസ് സൽപുത്രൻ, സീനിയർ പോലീസ് വിനിൽ എം.കെ, വിഷ്ണു.ജി, ജോസഫ് ജോയി.വി, സിവിൽ പോലീസ് ഓഫീസർ അനീഷ്എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.