ആലപ്പുഴ: കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ 14 വയസുള്ള പെൺകുട്ടിയുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ 20 കാരനായ പ്രതി അറസ്റ്റിൽ.
ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ വഴി പെൺകുട്ടിയുമായി പരിചയത്തിലാകുകയും ചാറ്റ് ചെയ്യുകയും ചെയ്തതിനുശേഷം പെൺകുട്ടിയുടെ ഫോട്ടോകൾ മോഷണം ചെയ്തെടുത്ത് ഒരു വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയെ കരീലക്കുളങ്ങര പോലീസ് പിടികൂടുകയായിരുന്നു. കായംകുളം സബ് ഡിവിഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ഏലിയാസ് പി.ജോർജിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവ് കുമാർ, സുഭാഷ്, അനി, സിവിൽ പോലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനുശേഷം, ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.