മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിയില്ലെന്നതാണ് മറ്റ് സോഷ്യല്‍ മീഡിയകളില്‍ നിന്ന് ഇന്‍സ്റ്റഗ്രാമിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ടെടുത്ത് സൂക്ഷിക്കുന്ന വിരുതന്മാരുമുണ്ട്. പറഞ്ഞുവരുമ്പോള്‍ അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങളും മറ്റും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. പ്രമുഖരായ പലരുടെയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് അവരുടെ അക്കൗണ്ടിന്റെ തനി പകര്‍പ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിര്‍മ്മിക്കുന്നവരും ഏറെയാണ്. ഈ പ്രശ്നത്തെ നേരിടാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റാഗ്രാം.
പോസ്റ്റുകള്‍ സ്ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ ആ വിവരം പോസ്റ്റിന്റെ ഉടമയെ അറിയിക്കാനുള്ള ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഈ ഫീച്ചറില്‍ നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആരെങ്കിലും സ്ക്രീന്‍ ഷോട്ട് എടുത്താല്‍ ആ സ്റ്റോറി കണ്ടവരുടെ പട്ടികയില്‍ അവരുടെ പേരിനു നേരെ ഒരു സ്റ്റാര്‍ ഐക്കണ്‍ പ്രത്യക്ഷപ്പെടും. അയാള്‍ നിങ്ങളുടെ സ്റ്റോറി സ്ക്രീന്‍ ഷോട്ട് അല്ലെങ്കില്‍ സ്ക്രീന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നാണ് അതിനര്‍ത്ഥം.
എങ്കിലും മറ്റൊരാളുടെ സ്റ്റോറി നിങ്ങള്‍ ആദ്യമായി സ്ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍ അക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു മുന്നറിയിപ്പ് നിങ്ങള്‍ക്ക് ലഭിക്കും. വീണ്ടും നിങ്ങള്‍ അത് ആവര്‍ത്തിച്ചാല്‍ അക്കാര്യം ആ പോസ്റ്റിന്റെ ഉടമയെ ഇന്‍സ്റ്റാഗ്രാം അറിയിക്കും. ഫ്ളൈറ്റ് മോഡിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. അതേസമയം മറ്റുള്ളവരുടെ പോസ്റ്റുകള്‍ നേരിട്ട് ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്ന ‘റീ ഗ്രാം’ ഫീച്ചര്‍ അവതരിപ്പിക്കാനും ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. മറ്റൊരാളുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ സ്ക്രീന്‍ ഷോട്ട് എടുക്കാതെ തന്നെ പങ്കുവെക്കാന്‍ സാധിക്കും. എന്നാല്‍ പോസ്റ്റ് ചെയ്യുന്നയാളിന്റെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്നതാണ് വസ്തുത.