ഉളിക്കൽ: ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്തതിന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഉളിക്കൽ സ്റ്റേഷൻ പരിധിയിലെ തേർമല സ്വദേശി പയ്യൻ വീട്ടിൽ നാരായണന്റെ പരാതി പ്രകാരം ഷാജു, കോമള, ഉഷാദ്, സണ്ണി എന്നിവർക്കെതിരേയും കണ്ടാൽ അറിയുന്ന ഇരുപതോളം പേർക്കെതിരേയും ഉളിക്കൽ പോലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 7.30 ഓടെ പ്രതികൾ നാലുപേരും മറ്റുള്ളവരും പരാതിക്കാരന്റെ വീട്ടിലെത്തി മകൻ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത റീൽ പിൻവലിച്ചില്ലെങ്കിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയെന്നുമാണ് പരാതി.
കഴിഞ്ഞ ദിവസം മരിച്ച സിപിഎം നേതാവിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് അപകീർത്തി പരത്തുന്ന രീതിയിൽ പോസ്റ്റ് ഇട്ടതാണ് പ്രശ്നത്തിന് കാരണം.
എന്നാൽ, മകന്റെ ഇൻസ്റ്റാഗ്രാമിൽ ഗണേശ ഉത്സവത്തോട് അനുബന്ധിച്ച പോസ്റ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റിലെ ചില ഭാഗങ്ങൾ മാത്രം സ്ക്രീൻ ഷോട്ട് എടുത്ത് മകന്റെ ഫോട്ടോ വച്ച് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും പരാതിക്കാരൻ പറയുന്നു.