റായ്പുർ: ഭർത്താവ് ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. നിർമാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഛത്തീസ്ഗഡിലെ ഭിലായിലാണു സംഭവം. യുവതി എപ്പോഴും മൊബൈൽ ഫോണിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും വീഡിയോകൾ കാണുന്നതും പതിവായിരുന്നുവെന്നും ഭർത്താവ് പറയുന്നു. വീട്ടുജോലികൾപോലും നടക്കാതെ വന്നതോടെയാണ് താൻ ഫോൺ വാങ്ങി വച്ചതെന്നും ഇയാൾ പറയുന്നു.
സംഭവദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞു ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. പിന്നീട് ഭൂപേന്ദ്ര ജോലിസ്ഥലത്തേക്കു പോയ സമയത്തായിരുന്നു ആത്മഹത്യ. ആറ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകളുണ്ട്. ഭൂപേന്ദ്ര തന്റെ ബന്ധുക്കളോടൊപ്പം ഇരുനിലവീട്ടിലായിരുന്നു താമസം.