ആറന്മുള: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെതിരേ ലൈംഗികാതിക്രമക്കേസും.
മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പില്‍ രതീഷിന്റെ മകന് അഭിനന്ദിനെതിരേയാണ് (18) ആറന്മുള പോലീസ് കേസെടുത്തത്.
മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലും സ്കൂളിലും എത്തി കാണുകയും രണ്ടുതവണ സ്കൂട്ടറില്‍ സ്കൂളില്‍ നിന്നു വിളിച്ചിറക്കി ആലപ്പുഴ ബീച്ചില്‍ എത്തിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നുമാണ് കേസ്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
2022 ജൂണില്‍ പെണ്‍കുട്ടിക്ക് ഫോണുമായി വീട്ടിലെത്തി അവിടെവച്ചും ലൈംഗികമായി പീഡിപ്പിച്ചു.
ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിച്ചപ്പോള്‍ കുട്ടി, പീഡനത്തിന് വിധേയയായതായി തെളിഞ്ഞു.
പോലീസ് കുട്ടിയുടെ മൊഴി രണ്ടാമത് വിശദമായി രേഖപ്പെടുത്തിയാണ് പ്രതിക്കെതിരേ പോക്സോ നിയമപ്രകാരമുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്.
തിരുവല്ല കോടതിയും പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ കൊണ്ടുപോയ ഇടങ്ങളിലെത്തി പോലീസ് അന്വേഷണം നടത്തി.
യുവാവ് ഉപയോഗിച്ച സ്കൂട്ടര്‍ വായ്പാതവണ മുടങ്ങിയതിനാല്‍ ഫിനാന്‍സ് സ്ഥാപനം പിടിച്ചെടുത്തതായി അന്വേഷണത്തില്‍ തെളിഞ്ഞു.
ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ മലപ്പുറത്തെ വീടിനടുത്തുനിന്നും അഭിനന്ദിനെ കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ കാണാന്‍ വേണ്ടി മാത്രമാണ് മലപ്പുറത്ത് നിന്നും ഇയാള്‍ ആറന്മുള വരെ എത്തിയിരുന്നതെന്ന് പോലീസിനോട് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.എസ്ഐ അലോഷ്യസ്,എസസി്പി ഓ നാസര്‍,സി പി ഒമാരായ ജിതിന്, ഫൈസല്‍ സുജ എന്നിവരാണ് സംഘത്തിലുള്ളത്.