കോട്ടയം: ജില്ലയിലെങ്ങും ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകാമെന്നു പറഞ്ഞു ഒരു സംഘം ആളുകൾ തട്ടിപ്പ് നടത്തുന്നതായി പരാതി. കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിലാണു ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തിയിരിക്കുന്നത്. വീടുകളിൽ എത്തി ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും രണ്ടു മൂന്നും വർഷത്തിനുള്ളിൽ പണം അടച്ചു തീർക്കുന്ന തവണ വ്യവസ്ഥയിൽ നൽകാമെന്നാണു സംഘം പറയുന്നത്.
ആദ്യ ഗഡുവെന്ന നിലയിൽ പലരുടെ പക്കൽ നിന്നും 3000 മുതൽ 5000രൂപവരെ ഇത്തരം സംഘങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും എത്തിച്ചു തരാമെന്നാണു സംഘം വീട്ടുകാരോടു പറയുന്നത്.
ദിവസങ്ങൾ കഴിഞ്ഞിട്ടും ആവശ്യപ്പെട്ട സാധനങ്ങൾ വീട്ടിൽ എത്താതെ വരുന്പോൾ മൊബൈൽ ഫോണിൽ വിളിക്കുന്പോൾ ആദ്യം ഏതാനും മണിക്കൂറുകൾക്കുള്ളിൽ എത്തിക്കാം, സാധനത്തിന്റെ സ്റ്റോക്ക് തീർന്നിരിക്കുകയാണ്.
ഇന്നു വൈകുന്നേരമോ നാളെയോ മാത്രമേ സ്റ്റോക്ക് എത്തുകയുള്ളൂ. അതിനുശേഷം വീട്ടിലെത്തിക്കാം എന്നുള്ള മറുപടികളാണു ലഭിക്കുന്നത്. പണം നൽകിയവർ പീന്നിട് വിളിക്കുന്പോൾ മോശമായിട്ടു സംസാരിക്കുകയും ഫോണ് എടുക്കാതിരിക്കുകയുമാണു ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ പണം നൽകിയവർക്കു ഇവർ ബില്ലുകളും നല്കിയിട്ടുണ്ട്.
ചിലർക്കു ഇത്തരം സംഘങ്ങൾ നല്കിയിരിക്കുന്ന ഫോണ് നന്പറുകൾ സ്വിച്ച് ഓഫ് ആണ്. ഇതിനു പുറമേ കാഞ്ഞിരപ്പള്ളി, പൊൻകുന്നം മേഖലകളിൽ വീടുകളിൽ കർട്ടനുകൾ ഇട്ടുതരാമെന്നും പറഞ്ഞു പണം വാങ്ങി മുങ്ങുന്ന സംഘങ്ങളെക്കുറിച്ചും പരാതിയുണ്ട്.
ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ നിരവധി പരാതികൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്.
നിരവധി വീടുകളിൽ നിന്നും ലഭിക്കുന്ന വൻ തുകയുമായി തട്ടിപ്പ് സംഘങ്ങൾ മുങ്ങുകയാണെന്നു പോലീസ് സംശയിക്കുന്നുണ്ട്. ഒരു സംഘം തന്നെയാണോ വിവിധ സ്ഥലങ്ങളിലെത്തി സമാനമായ രീതിയിൽ തട്ടിപ്പ് നടത്തുന്നതെന്ന സംശയവും പോലീസിനുണ്ട്. ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു പോലീസ് പറഞ്ഞു.