കോഴിക്കോട്: സംസ്ഥാനത്ത് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കെണി വര്‍ധിച്ചുവരുന്നതായി പോലീസ്. സമീപകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് പോലീസ് പറയുന്നത്.
പലരും കെണിയില്‍ കുടുങ്ങി ഇരട്ടിയും അതിലധികവും തുക തിരിച്ചടയ്ക്കേണ്ട അവസ്ഥയാണുള്ളത്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പാണിതെന്ന് പോലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്കുന്നു.
ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്സസ് അവര്‍ക്ക് നല്‍കേണ്ടി വരും.
അതായത് നമ്മുടെ ഫോണ്‍ കൈകാര്യം ചെയ്യാന്‍ നമ്മള് അവര്‍ക്ക് പൂര്‍ണസമ്മതം നല്കുന്നു. ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും.
ഫോണിലെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ‘പൊക്കി’ സുഹൃത്തുക്കള്‍ക്കും മറ്റും അശ്ശീല സന്ദേശങ്ങള്‍ അയയ്ക്കുക വരെ ചെയ്യുന്നുണ്ട്. ലോണ്‍ തിരിച്ചടച്ചാല്പോലും തെറിയഭിഷേകവും ഭീഷണിയും വരാറുണ്ടെന്നും ഫോണ്‍ മുഴുവനായും ഉപേക്ഷിക്കേണ്ട അവസ്ഥയുമുണ്ടെന്നും പോലീസ് പറയുന്നു.