സീമ മോഹന്ലാല്
ഏതു സംഗീത ഉപകരണവും ഡോ.പി.സി. ചന്ദ്രബോസിന്റെ കൈയില് വഴങ്ങും. 35 വാദ്യോപകരണങ്ങള് അനായാസേന കൈകാര്യം ചെയ്യുന്ന ചന്ദ്രബോസ് ഒരേസമയം അഞ്ച് വാദ്യോപകരണങ്ങള് വായിച്ചാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കീ ബോര്ഡ്, ഗിറ്റാര്, വയലിന്, ട്രംപറ്റ്, മെലോഡിക്ക, ഓടക്കുഴൽ, തബല, മൃദംഗം, റിഥംപാഡ് തുടങ്ങി 35 വാദ്യോപകരണങ്ങളില് ശ്രുതിതാളലയങ്ങള് ഒത്തൊരുമിപ്പിച്ച് വേദിയില് സംഗീതവിസ്മയം തീര്ത്തപ്പോള് ചന്ദ്രബോസിനെ തേടിയെത്തിയത് അഞ്ച് ലോക റിക്കാര്ഡുകളാണ്.
ഡസ്ക്കിലും പാത്രത്തിലും താളമിട്ട കുട്ടിക്കാലം
എറണാകുളം പുതുവൈപ്പ് പുതുശേരി വീട്ടില് പോസ്റ്റുമാസ്റ്ററായിരുന്ന പി.കെ. ചന്ദ്രന്-പി.ലീല ദമ്പതികളുടെ മകനായ ചന്ദ്രബോസിന് കുട്ടിക്കാലം മുതല് കാണുന്ന വസ്തുക്കളിലെല്ലാം താളമിടുന്ന ശീലമുണ്ടായിരുന്നു. തീരെ കുട്ടിയായിരുന്ന കാലത്ത് അച്ഛനൊപ്പം കടയില് പോകുമ്പോള് അവിടത്തെ മിഠായി ഭരണികളിലെല്ലാം കൊട്ടുമായിരുന്നു. അതില്നിന്ന് പുറപ്പെടുവിക്കുന്ന വിവിധ ശബ്ദങ്ങള് കേട്ട് കടയിലെത്തിയവരൊക്കെ അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാല് ജീവിത സാഹചര്യങ്ങള് മൂലം വാദ്യോപകരണ സംഗീതം പഠിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.
എട്ടാം ക്ലാസില് പഠിക്കുന്ന സമയത്ത് ഉച്ച ഭക്ഷണത്തിന്റെ ഇടവേളകളില് കൂട്ടുകാരുടെ ചോറു പാത്രങ്ങള് നിരത്തിവച്ചും ഡസ്കിലുമൊക്കെ കൊട്ടി ചന്ദ്രബോസ് വിവിധ ശബ്ദങ്ങള് ഉണ്ടാക്കി കൈയടി നേടിയിരുന്നു. ഒമ്പതാം ക്ലാസില് പഠിക്കുമ്പോള് കോംഗോ ഡ്രംസ് സ്വന്തമായി പഠിച്ച് സ്കൂള് ആനിവേഴ്സറിയില് അവതരിപ്പിച്ച് സമ്മാനം നേടി.
എസ്എസ്എല്സിക്കു ശേഷം എറണാകുളത്ത് സിഎസി അക്കാദമിയില് സുധീര്, യൂജിന്, ബേണി ഇഗ്നീഷ്യസ് എന്നിവരുടെ ശിക്ഷണത്തില് പെര്ക്യുഷന് പഠിച്ചതൊഴിച്ചാല് ബാക്കി സംഗീതോപകരണങ്ങളെല്ലാം ചന്ദ്രബോസ് സ്വന്തമായി പഠിച്ച് അവതരിപ്പിക്കുന്നതാണ്. തുടര്ന്ന് 1989-90 കാലഘട്ടത്തില് കൊച്ചിന് കോളജില് പ്രീഡിഗ്രിക്ക് പഠിക്കവേ അഖില കേരള അടിസ്ഥാനത്തില് നടത്തിയ വാദ്യോപകരണ സംഗീത മത്സരത്തില് ഒന്നാം സ്ഥാനം നേടി. പിന്നീട് പല സംഗീത പരിപാടികളിലും സജീവമായി.
പ്രമുഖ ഗായകരുടെ റിഥം കംപോസര് വായനക്കാരന്
സംഗീത സംവിധായകരായ എം.കെ. അര്ജുനന്, വൈപ്പിന് സുരേന്ദ്രന് എന്നിവരുടെ നിര്ദേശത്തെ തുടര്ന്ന് ഷക്കീര് മാഷിന്റെ ശിക്ഷണത്തില് റിഥം കംപോസര് വായിക്കാന് പഠിച്ചു. തുടര്ന്ന് എട്ടു വര്ഷക്കാലം ജയചന്ദ്രന്, കെ.എസ്. ചിത്ര, മാര്ക്കോസ് തുടങ്ങിയ പ്രമുഖ ഗായകരുടെ പാട്ടിന്റെ റിക്കാര്ഡിംഗ് വേളയില് ചന്ദ്രബോസ് റിഥം കംപോസര് വായിച്ചു. കൊച്ചിന് ബീറ്റേഴ്സ്, കൊച്ചിന് വോക്ക്, ഹരിശ്രീ എന്നീ ട്രൂപ്പുകളുടെ ഗാനമേളകളില് റിഥം കംപോസറായി ചന്ദ്രബോസ് ഏറെക്കാലം പ്രവര്ത്തിച്ചു.
വണ്മാന് ഷോയിലേക്ക്
റിക്കാര്ഡിംഗ് കുറഞ്ഞതോടെയാണ് വാദ്യോപകരണങ്ങളുമായി വണ്മാന് ഷോ നടത്താം എന്ന ആശയത്തിലേക്ക് ചന്ദ്രബോസ് എത്തുന്നത്. 10 പേര് ചേര്ന്ന് വായിക്കുന്ന വാദ്യോപകരണങ്ങള് ഇരുകൈകളും കാലുകളും വായും ഉപയോഗിച്ചു ചന്ദ്രബോസ് ഒറ്റയ്ക്ക് സ്റ്റേജില് അവതരിപ്പിച്ചു തുടങ്ങി.
രണ്ടു മണിക്കൂര് നീണ്ടുനില്ക്കുന്ന മള്ട്ടി ഇന്സ്ട്രുമെന്റല് വണ്മാന് ഷോ എന്ന ആ പരിപാടിയില് തുടക്കത്തില് തന്നെ അഞ്ച് വാദ്യോപകരണങ്ങള് വായിച്ച് അദ്ദേഹം കാണികളെ അമ്പരപ്പിച്ചു. തുടര്ന്ന് സ്വയം പരിശീലനത്തിലൂടെ കൂടുതൽ വാദ്യോപകരണങ്ങള് വായിച്ചു തുടങ്ങി. ആ പരിശീലനത്തിലൂടെയാണ് ചന്ദ്രബോസ് ഇന്ന് 35 വാദ്യോപകരണങ്ങള് അനായാസേന കൈകാര്യം ചെയ്യുന്നത്. വിവിധ ചാനലുകളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്.
എറണാകുളം ആസ്റ്റര്മെഡ് സിറ്റിയിലെ രോഗികള്ക്കായി ദിവസവും വൈകുന്നേരം ആറു മുതല് എട്ടുവരെ ചന്ദ്രബോസ് ഓടക്കുഴലിലും കീ ബോര്ഡിലും ഉപകരണ സംഗീതക്കച്ചേരി നടത്തുന്നുണ്ട്. ഞാറയ്ക്കല് ടാലന്റ് പബ്ലിക് സ്കൂളിലെ ഉപകരണ സംഗീതാധ്യാപകനാണ് ഇദ്ദേഹം.
റിക്കാര്ഡിലെത്തിയ ചെണ്ടമേളം
വേദിയില് ഒറ്റയ്ക്കിരുന്നു അവതരിപ്പിക്കുന്ന ചെണ്ടമേളമാണ് ചന്ദ്രബോസിന്റെ മാസ്റ്റര് പീസ് ഐറ്റം. കൈകാലുകളുടെയും വായയുടെയും പിന്ബലത്തില് രണ്ട് ചെണ്ട, രണ്ട് വലന്തല, താളം എന്നിവയുടെ അകമ്പടിയോടെ ചന്ദ്രബോസ് ചെണ്ടമേളം ഗംഭീരമായാണ് അവതരിപ്പിക്കുന്നത്.
നാദവിസ്മയം തീര്ക്കുന്ന ഈ ചെമ്പട ശിങ്കാരിമേളം അദ്ദേഹം സ്വയം വികസിപ്പിച്ചെടുത്തതാണ്. ഈ ചെണ്ടമേള അവതരണം ചന്ദ്രബോസിന് അഞ്ച് ലോക റിക്കാര്ഡുകളാണ് സമ്മാനിച്ചത്. ലിംക ബുക്ക് ഓഫ് റിക്കാര്ഡ്സ്, യുആര്എഫ് വേള്ഡ് റിക്കാര്ഡ്, യുആര്എഫ് ഏഷ്യന് റിക്കാര്ഡ്, അറേബ്യന് ബുക്ക് ഓഫ് വേള്ഡ് റിക്കാര്ഡ്, കോഹിനൂര് വേള്ഡ് ബുക്ക് ഓഫ് റിക്കാര്ഡ്സ് എന്നീ ബഹുമതികള് ചന്ദ്രബോസിനു സ്വന്തമായി.
ഇതില് പലതും ആര്ക്കും ഇതുവരെ ഭേദിക്കാനുമായിട്ടില്ല. കേരളാ സംഗീത നാടക അക്കാദമിയുടെ വാദ്യോപകരണ സംഗീതത്തിനുള്ള പുരസ്കാരവും ചന്ദ്രബോസിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട് യൂണിവേഴ്സല് യൂണിറ്റി അദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. ഡോ. അംബേദ്കര് നാഷണല് അവാര്ഡ് തുടങ്ങി നിരവധി ദേശീയ-അന്തര്ദേശീയ പുരസ്കാരങ്ങളും ചന്ദ്രബോസ് കരസ്ഥമാക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ പിന്തുണ
ഭാര്യ സിന്ധു പുതുവൈപ്പ് ഗവ.സ്കൂള് അധ്യാപികയാണ്. മക്കളായ നന്ദ സി.ബോസും കിഷന് സി.ബോസും സംഗീതത്തില് തല്പ്പരരാണ്. നല്ലൊരു ഗായകനായ കിഷന് അച്ഛന്റെ വണ്മാന് ഷോ പ്രോഗ്രാമില് ഗായകനായും പങ്കെടുക്കാറുണ്ട്. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിനു പിന്നിലുള്ള