വെള്ളരിക്കുണ്ട്: ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ പെരുകുന്നു. പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഇൻഷ്വറൻസ് പുതുക്കാതെ വാഹനമോടിക്കുന്നത് പിടിക്കപ്പെടുമ്പോൾ മാത്രമേ പ്രശ്നമാവുകയുള്ളൂ എന്ന തെറ്റിദ്ധാരണയിൽ ഇതു പുതുക്കാതെ വാഹനം ഓടിക്കുന്നത് ഒരു ശീലമാക്കുന്ന രീതി കൂടി വരികയാണെന്ന് ആർടി ഓഫീസർമാർ പറയുന്നു.
എന്തെങ്കിലും തരത്തിലുളള അപകടം സംഭവിക്കുമ്പോൾ മാത്രമാണ് ഇത്തരക്കാർക്ക് ഇതിന്റെ ഭവിഷ്യത്ത് മനസിലാകുന്നത്. ഒരു തരത്തിലുള്ള നഷ്ടപരിഹാരവും ലഭിക്കില്ല എന്നു മാത്രമല്ല വാഹന ഉടമയ്ക്കാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം എന്ന് ഇവർ തിരിച്ചറിയുന്നില്ല.
വെള്ളരിക്കുണ്ട് ആർടി ഓഫീസിന്റെ പരിധിയിൽ കഴിഞ്ഞദിവസം നടന്ന വാഹന പരിശോധനയിൽ 19 വാഹനങ്ങളാണ് ഇൻഷ്വറൻസ് ഇല്ലാതെ പിടിക്കപ്പെട്ടത്. ടാക്സ് അടയ്ക്കാത്ത നാലു വാഹനങ്ങളും ലൈസൻസില്ലാത്ത 16 പേരെയും ഹെൽമറ്റ് വെക്കാതെ വാഹനമോടിച്ച 18 പേരെയും അപകടകരമായി വാഹനമോടിച്ച നാലു പേരെയും കൈ കാണിച്ച് നിർത്താതെ പോയ മൂന്നു ബൈക്കുകൾ, സ്കൂൾ സമയത്ത് സർവീസ് നടത്തിയ ആറു ടിപ്പർ ലോറികൾ എന്നിവയ്ക്കെതിരെ കേസെടുത്തു.
ആകെ 72 കേസുകളിലായി 71,000 രൂപ പിഴ ഈടാക്കി. ജോയിന്റ് ആർടിഒ കെ.ഭരതൻ,എംവിഐ എം.വിജയൻ, എഎംവിഐമാരായ വി.ജെ. സാജു എന്നിവർ നേതൃത്വം നൽകി.