ന്യൂഡൽഹി: പേഴ്സണൽ ആക്സിഡന്റ് ഉൾപ്പെടെയുള്ള പോളിസി ക്ലെയിമുകളുടെ തുക സ്വീകരിക്കുന്നതിന് പോളിസി ഹോൾഡർമാർക്ക് പുതിയ ഓപ്ഷൻ നല്കാൻ ഇൻഷ്വറൻസ് റെഗുലേറ്റർ ഐആർഡിഎഐ പദ്ധതിയിടുന്നു. പോളിസി ഹോൾഡർമാർക്ക് പോളിസി ക്ലെയിം ചെയ്യുന്പോഴുള്ള തുക തവണ വ്യവസ്ഥയിൽ കൈപ്പറ്റുന്നതിനുള്ള വഴിയാണ് ഐആർഡിഎഐ ആലോചിക്കുന്നത്.
ആരോഗ്യ ഇൻഷ്വറൻസിനും ഈ രീതി നല്കിയേക്കും. തവണവ്യവസ്ഥയെക്കുറിച്ചു പഠിക്കാൻ വിദഗ്ധ പാലനിലെ ഐആർഡിഎഐ നിയോഗിച്ചിരുന്നു. ഈ പാനൽ പേഴ്സണൽ ആക്സിഡന്റ്, ആരോഗ്യ ഇൻഷ്വറൻസ് തുടങ്ങിയവയ്ക്ക് തവണവ്യവസ്ഥയിൽ ക്ലെയിം തുക നല്കാമെന്ന് സൂചിപ്പിച്ച് ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
പാനലിന്റെ റിപ്പോർട്ട് കണക്കിലെടുത്ത് ഐആർഡിഎഐ കരടു രേഖ തയാറാക്കി ഓഹരിയുടമകളുടെ നിർദേശം തേടിയിട്ടുണ്ട്. ക്ലെയിം സ്വീകരിക്കുന്ന വ്യക്തിക്ക് നിശ്ചിത കാലത്തേക്ക് സ്ഥിരമായ ഒരു വരുമാനം ലഭ്യമാക്കുക എന്നതാണ് തവണവ്യവസ്ഥയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
പോളിസി ഹോൾഡർമാർക്ക് ക്ലെയിം അപേക്ഷ നല്കുന്നതിനൊപ്പം മുഴുവൻ തുകയായോ അല്ലെങ്കിൽ തവണവ്യവസ്ഥയായോ തുക ആവശ്യപ്പെടാമെന്ന് കരട് രേഖയിൽ പറയുന്നു.