കൊച്ചി: ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തേ രോഗിയായിരുന്നുവെന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉപഭോക്തൃ കോടതി.
കാന്‍സര്‍ രോഗിക്കു മെഡിക്ലെയിം നിഷേധിച്ച സംഭവത്തില്‍ ഇൻഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാൻ വിധിച്ച് കോടതി. നേരത്തേ രോഗമുണ്ടെന്ന കാരണം കാണിച്ച് ഇൻഷ്വറന്‍സ് കമ്പനി രോഗിക്ക് ക്ലെയിം നിഷേധിക്കുകയായിരുന്നു.
പോളിസിയെടുക്കുംമുമ്പ് പരിശോധന നടത്താതെ ഇത്തരമൊരു വാദം എങ്ങനെ ഉന്നയിക്കുമെന്ന് കോടതി ചോദിച്ചു.
ഇൻഷ്വറന്‍സ് ഓംബുഡ്സ്മാന്റെ നിലപാടും തള്ളിയാണ് കോടതി ഉത്തരവ്. രണ്ടു ലക്ഷം രൂപ ക്ലെയിം തുകയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും ഉള്‍പ്പെടെ 2,60,000 രൂപ 45 ദിവസത്തിനകം പരാതിക്കാരനു നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
പോളിസിയില്‍ ചേര്‍ന്നശേഷം ക്ലെയിം തുക ചോദിക്കുമ്പോള്‍ നേരത്തേ രോഗിയായിരുന്നുവെന്ന് തര്‍ക്കം ഉന്നയിച്ച് ക്ലെയിം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.