ലക്നോ: ഇൻഷുറൻസ് തുക കൈക്കലാക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം. ഹിമാൻഷു എന്നയാളാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ അമ്മയെ കൊലപ്പെടുത്തി മൃതദേഹം യമുന നദീതീരത്ത് ഉപേക്ഷിച്ചത്.
ഓൺലൈൻ ഗെയിമിന് അടിമയായ ഹിമാൻഷു വലിയ തുക കടം വരുത്തിവച്ചിരുന്നു. ഈ കടം വീട്ടുന്നതിനുള്ള പണം കണ്ടെത്തുവാനായിരുന്നു ഇയാൾ കൊലപാതകം ചെയ്തത്.
പിതൃസഹോദരിയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവിറ്റ ഹിമാൻഷു ഈ പണംകൊണ്ട് മാതാപിതാക്കളുടെ പേരിൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. തുടർന്ന് അച്ഛൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ചാക്കിലാക്കി യമുന നദി തീരത്ത് ഉപേക്ഷിച്ചത്.
ചിത്രകൂട് ക്ഷേത്രത്തിൽ പോയ ഹിമാൻഷുവിന്റെ അച്ഛൻ റോഷൻ സിംഗ് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഭാര്യയെയും മകനെയും കണ്ടില്ല. തുടർന്ന് ഇയാൾ പരിസരം മുഴുവൻ അന്വേഷിച്ചു. അപ്പോൾ അയൽക്കാരൻ ഹിമാൻഷുവിനെ ട്രാക്ടറിൽ നദിക്ക് സമീപം കണ്ടതായി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാൻഷുവിനെ പോലീസ് അറസ്റ്റ് ചെയ്തു.