കൊച്ചി: ഇൻഷ്വറൻസ് തുക തട്ടിയെടുക്കുന്നതു സംബന്ധിച്ച കൂടുതൽ പരാതികൾ ഉയർന്നുവന്നിട്ടില്ലെങ്കിലും ശ്രദ്ധവേണമെന്നു പോലീസ്. ഈ മേഖലയിൽ തട്ടിപ്പുകളേറെ നടക്കാൻ സാധ്യതയുള്ളതിനാൽ ഇൻഷ്വറൻസ് തുക ലഭിക്കാൻ സഹായിക്കാമെന്നു പറഞ്ഞുപോലും ആരെങ്കിലും സമീപിച്ചാൽപോലും കരുതൽവേണമെന്നും അധികൃതർ പറയുന്നു.
പ്രളയദുരന്ത ബാധിതനായ വ്യാപാരിയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ പിടികൂടിയതോടെ കൂടുതൽ പരാതികൾ ഉയർന്നുവരുമോയെന്നും അധികൃതർ സംശയിക്കുന്നുണ്ട്.
ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി സ്വദേശി ഗദ്ദാം ഉമാ മേഹശ്വര റാവു(53)വിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയായ ഷിഹാബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രളയത്തിൽ ഷിഹാബിന്റെ ടയർ കട പൂർണമായും നശിച്ചിരുന്നു. 38 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. കട ആരംഭിച്ച സമയത്തു തന്നെ ഷിഹാബ് 60 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് വഴി യൂണിവേഴ്സൽ സെന്പോ എന്ന ഇൻഷ്വറൻസ് കന്പനിയിൽ സ്ഥാപനം ഇൻഷ്വർ ചെയ്തിരുന്നു.
ഈ കന്പനി ഇൻഷ്വറൻസ് തുക നിശ്ചയിക്കുന്നതിനായി ഐആർഡിഎ ലൈസൻസുള്ള ഗദ്ദാം ഉമാ മഹേശ്വർ റാവുവിനെയാണ് ചുമതലപ്പെടുത്തിയത്.
എറണാകുളം എംജി റോഡിൽ പത്മ തിയറ്ററിനു സമീപമുള്ള ലോഡ്ജിൽ താമസിച്ചാണു പ്രതി ഷിഹാബിന്റെ കടയിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കുശേഷം ഷിഹാബിനെ പ്രതി ലോഡ്ജിലേക്കു വിളിച്ചുവരുത്തി നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പാസാക്കിത്തരാമെന്നും അങ്ങനെ റിപ്പോർട്ട് കൊടുക്കണമെങ്കിൽ 40 ശതമാനം കമ്മീഷൻ നല്കണമെന്നും ആവശ്യപ്പെട്ടു.
ഇതിൽ രണ്ടു ലക്ഷം രൂപ അപ്പോൾ തന്നെ നൽകണമെന്നും ബാക്കി 10 ദിവസത്തിനുള്ളൽ നൽകിയാൽ മതിയെന്നും പറഞ്ഞു. പണം നൽകിയില്ലെങ്കിൽ കള്ളത്തരമാണെന്ന് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഷിഹാബ് പരാതി നൽകുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശപ്രകാരം എസിപി കെ. ലാൽ, സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ, എഎസ്ഐ അരുൾ, സിപിഒ ഷിബു എന്നിവരടങ്ങുന്ന സംഘം ലോഡ്ജിൽനിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.