ആലപ്പുഴ: ഹൗസ് ബോട്ടിനു വ്യാജ ഇൻഷ്വറൻസ് പോളിസി സർട്ടിഫിക്കറ്റ് നൽകി പ്രീമിയം തുക തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ടു പുനരന്വേഷണത്തിനു ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടതായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കന്പനി ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്റർ ജോർജ് തട്ടിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
2014ൽ വില്പന നടത്തിയ ഹൗസ് ബോട്ടിന്റെ ഇൻഷ്വറൻസ് സ്വന്തം പേരിലേക്കു മാറ്റുന്നതിനായി പുതിയ ഉടമസ്ഥൻ ഇൻഷ്വറൻസ് കന്പനി ഓഫീസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇൻഷ്വറൻസ് പോളിസിയെന്ന പേരിൽ ഏജന്റ് വ്യാജ ഇൻഷ്വറൻസ് രേഖകൾ നൽകുകയും പ്രീമിയം ഇനത്തിൽ ഏഴായിരം രൂപ കൈപ്പറ്റുകയുമായിരുന്നു. സംഭവം സംബന്ധിച്ച് അവലൂക്കുന്ന് സ്വദേശിയായ ഏജന്റിനെതിരെ സ്ഥാപനം സൗത്ത് പോലീസിൽ പരാതിയും നൽകി.
എന്നാൽ പോലീസിന്റെ ഭാഗത്തുനിന്ന് പരാതി സംബന്ധിച്ച് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്റർ നൽകിയ പരാതിയെത്തുടർന്നാണ് കഴിഞ്ഞ 27ന് കേസ് സംബന്ധിച്ച പുനരന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.