കടുത്തുരുത്തി: പ്രധാനമന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയുടെ പേരിൽ യുവാവ് വീട്ടിലെത്തി വീട്ടമ്മയിൽ നിന്നു പണം തട്ടിയെടുത്തതായി പരാതി. വെള്ളാശ്ശേരി ആലയ്ക്കപ്പറന്പിൽ വീട്ടിൽ ശേഖരന്റെ ഭാര്യ ലീലയെ കന്പളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കടുത്തുരുത്തി ട്രഷറിയിലെ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി യുവാവ് വീട്ടിലെത്തുന്നത്.
ഭർത്താവിന്റെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കണമെങ്കിൽ 6800 രൂപ അടയ്ക്കണമെന്നും ഇതിന്റെ ഫീസായി മറ്റൊരു 120 രൂപ കൂടി അടയ്ക്കണമെന്നുമായിരുന്നു ആവശ്യം. ഓഫീസിൽ എത്തിയാൽ 6800 രൂപ മടക്കി കിട്ടുമെന്നുമാണ് പറഞ്ഞത്. ഇയാളുടെ വാക്ക് വിശ്വസിച്ചു ലീല വീട് നിർമാണത്തിനായി വച്ചിരുന്ന തുകയിൽ നിന്നും പണം എടുത്തു നൽകുകയായിരുന്നു. വൈകൂന്നേരം ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു.
കടുത്തുരുത്തി എസ്വിഡി ജംഗ്ഷന് സമീപം താമസിക്കുന്ന വീട്ടിലെ വയോധികയെ പറ്റിച്ചും ചൊവ്വാഴ്ച പണം തട്ടാൻ ശ്രമം നടന്നിരുന്നു. രണ്ടും ഒരേ ആൾ തന്നെയാണെന്നാണ് കരുതുന്നത്. വയോധികയോട് പ്രധാന മന്ത്രിയുടെ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി ഇനി പണം ലഭിക്കണമെങ്കിൽ ആറായിരം രൂപ അടയ്ക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കൈയിൽ പണമില്ലെന്ന് അറിയിച്ചതോടെ സ്വർണം പണയം വച്ച് ഇന്ന് തന്നെ തുക അടയ്ക്കണമെന്നു പറയുകയായിരുന്നു.
തുടർന്ന് വയോധിക മകനെ ഫോണിൽ വിളിച്ച് സ്വർണം പണയം വയ്ക്കണമെന്നും ഇൻഷ്വറൻസ് തുക അടയ്ക്കാനുള്ളതാണെന്നും പറഞ്ഞു. എന്തിന്റെ ഇൻഷ്വറൻസാണെന്ന് മനസ്സിലാകാത്തതിനെ തുടർന്ന് മകൻ വീട്ടിലെത്തിയ ആളുടെ കൈയിൽ ഫോണ് നൽകാൻ പറയുകയായിരുന്നു. യുവാവിന്റെ കൈയിൽ ഫോണ് നൽകിയ ഉടൻ തന്നെ ഇയാൾ കോൾ കട്ട് ചെയ്ത് വേഗം വീട്ടിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു.