മുംബൈ: പലിശ വർധനയെപ്പറ്റി ലോകമെങ്ങും ആശങ്ക പടർന്നത് ഓഹരികന്പോളങ്ങളെ ഉലച്ചു. തിങ്കളാഴ്ച അമേരിക്കൻ വിപണി ഇടിഞ്ഞതിന്റെ ചുവടുപിടിച്ച് ഇന്നലെ ഇന്ത്യയടക്കം ഏഷ്യയിലും യൂറോപ്പിലും കന്പോളങ്ങൾ താഴോട്ടുനീങ്ങി.
തലേന്നത്തെ റിക്കാർഡ് നിലവാരത്തിൽനിന്നു സെൻസെക്സും നിഫ്റ്റിയും ഗണ്യമായി താഴേക്കു നീങ്ങി. തിങ്കളാഴ്ചത്തെ ഉയർച്ചയെക്കാൾ കൂടുതലായി ഇന്നലത്തെ താഴ്ച.പലിശനിരക്ക് താണുനിന്നിരുന്ന ഒരു ദശകം അവസാനിച്ചെന്നും ഇനി പലിശ കൂടിവരുമെന്നും തിങ്കളാഴ്ചതന്നെ അമേരിക്കൻ വിപണികൾ കണക്കാക്കി.
അവിടെ പത്തുവർഷ സർക്കാർ കടപ്പത്രങ്ങളുടെ വില 2.7 ശതമാനം ആദായം ലഭിക്കുന്ന നിലയിലേക്കു താണു. ഇതു താമസിയാതെ മൂന്നു ശതമാനം ആദായം കിട്ടുന്ന നിലയിലാകുമെന്നാണ് ഇപ്പോഴത്തെ ധാരണ. നാളെ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്കിൽ മാറ്റംവരുത്തുകയില്ലെങ്കിലും താമസിയാതെ നിരക്കു കൂട്ടുമെന്ന സൂചന നല്കുമെന്നാണു പ്രതീക്ഷ.
പലിശനിരക്ക് കൂടുന്പോൾ ഓഹരികളിലെ നിക്ഷേപകർ മാറും. യുഎസ് പലിശ കൂട്ടുന്പോൾ വികസ്വരരാജ്യങ്ങളിലെ പാശ്ചാത്യപണം തിരികെപ്പോകും. ഇതൊക്കെയാണ് ഓഹരികളെ ദുർബലമാക്കിയത്.
തിങ്കളാഴ്ച കുറിച്ച 36,283.25ൽനിന്നു സെൻസെക്സ് 249.52 പോയിന്റ് (0.69 ശതമാനം) താണ് 36,033.73ൽ അവസാനിച്ചു. 11,130.40 എന്ന റിക്കാർഡിൽനിന്നു നിഫ്റ്റി 11,049.65ലേക്കു താണു.ജപ്പാനിലെ നിക്കി സൂചിക 1.43 ശതമാനവും ചൈനയിലെ ഷാങ്ഹായ് സൂചിക 0.99 ശതമാനവും താണു.