കൊല്ലം: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും കഴിഞ്ഞ സാമ്പത്തിക വർഷം കോച്ചുകളുടെ നിർമാണത്തിൽ സർവകാല റിക്കാർഡ്. വന്ദേ ഭാരത്, അമൃത് ഭാരത് എന്നിവ ഉൾപ്പെടെ 3007 കോച്ചുകൾ പുറത്തിറക്കിയാണ് ഐസിഎഫ് അതിന്റെ ചരിത്രത്തിലെ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇവിടെ 2829 കോച്ചുകളാണ് നിർമിച്ചത്.
ഈ വർഷം നിർമിച്ച കോച്ചുകളിൽ 1169 എണ്ണം ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്ക് ഡ്രിപിആർഎസ്) കോച്ചുകൾ ആണെന്ന പ്രത്യേകതയുമുണ്ട്.വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് ചെയർ കാർ, ഇഎംയു, മെമു എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. ബാക്കിയുള്ള 1838 എണ്ണം എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) കോച്ചുകളാണ്.
മാത്രമല്ല 16 കാറുകളുള്ള വന്ദേഭാരത് സ്ലീപ്പർ റേക്ക് ഐസിഎഫ് പരീക്ഷണാർഥം പുറത്തിറക്കിയതും കഴിഞ്ഞ വർഷമാണ്. ഇത് സുപ്രധാനമായ നേട്ടമായാണ് അധികൃതർ വിലയിരുത്തുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പരിഷ്കരിച്ച പതിപ്പ് ഈ സാമ്പത്തിക വർഷം പുറത്തിറങ്ങും. ഇതിൻ്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചതായും ഐസിഎഫ് അധികൃതർ പറഞ്ഞു.
ആദ്യത്തെ 12 കാറുകളുള്ള നമോ ഭാരത് റാപ്പിഡ് റെയിലിൻ്റെ നിർമാണവും ചെന്നൈ ഐസിഎഫിലായിരുന്നു.യാത്രക്കാർക്ക് നഗരാന്തര യാത്രാനുഭവം വർധിപ്പിപ്പിക്കുന്നതിനാണ് നമോ ഭാരത് റാപ്പിഡ് ട്രെയിൻ രൂപ കൽപ്പന ചെയ്തിട്ടുള്ളത്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ മിനി പതിപ്പാണിത്. ഇതിന്റെ കൂടുതൽ റേക്കുകളുടെ നിർമാണവും ചെന്നൈ ഐസിഎഫിൽ ഉടൻ ആരംഭിക്കും.
- എസ്.ആർ. സുധീർ കുമാർ