ആലപ്പുഴ: ജോലിക്കൂടുതൽ മൂലം ജില്ലയിലെ പ്രധാന പോലീസ് സ്റ്റേഷനുകളിൽ ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യാൻ ഉദ്യോഗസ്ഥർക്കു മടി. ജില്ലാ കേന്ദ്രത്തിന്റെ ക്രമസമാധാന ചുമതലയുള്ള ആലപ്പുഴ സൗത്ത്, നോർത്ത്, ചേർത്തല, ചെങ്ങന്നൂർ, കായംകുളം തുടങ്ങിതിരക്കേറിയതും പ്രധാനപ്പെട്ടതുമായ സ്റ്റേഷനുകളിലാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കൂടുതൽനാൾ ജോലി ചെയ്യാൻ മടിക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ രഹസ്യാന്വേഷണ വിഭാഗമാണ് സ്റ്റേഷൻ പ്രവർത്തനം സംബന്ധിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങൾ സംബന്ധിച്ചും സ്റ്റേഷൻ പരിധിയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടും റിപ്പോർട്ട് നൽകുന്നത്. സാധാരണ പോലീസ് ഉദ്യോഗസ്ഥർക്കു കൃത്യമായ ഡ്യൂട്ടി സമയമുണ്ടെങ്കിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി 24 മണിക്കൂറാണ്.
സ്റ്റേഷൻ പരിധിയിലുണ്ടാകുന്ന പ്രതിഷേധങ്ങൾ, സംഘർഷങ്ങൾ, ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കൽ, എന്നിവയടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയുകയും ഇതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ പോലീസിനു സ്വീകരിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ജോലിയാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയവും സാമുദായികവുമായ വിഷയങ്ങൾ മാത്രം ഇവർ കൈകാര്യം ചെയ്താൽ മതി.
എന്നാൽ ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കു എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതലയുണ്ട്.ദൈനംദിനം രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും സമരങ്ങൾ നടക്കുകയും വിസ്തൃതമായ ഭൂപ്രദേശം അധികാര പരിധിയിലുള്ളതുമായ പോലീസ് സ്റ്റേഷനുകളിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് എല്ലാ വിവരങ്ങളും ശേഖരിക്കുകയെന്നത് അസാധ്യമാണ്.
പലപ്പോഴും വിവരങ്ങളറിയാൻ വൈകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കു മെമ്മോയടക്കം ലഭിക്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ സ്വാധീനവും മറ്റുമുപയോഗിച്ച് തിരക്കുകുറഞ്ഞ പോലീസ് സ്റ്റേഷനുകളിലെ രഹസ്യാന്വേഷണ വിഭാഗത്തിലേക്കു മാറാൻ ഉദ്യോഗസ്ഥർ താത്പര്യമെടുക്കുന്നത്.