എം.ജെ ശ്രീജിത്ത്
നിരന്തരമായ പോലീസ് അതിക്രമങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള നീക്കമാണെമെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. അതിരുവിട്ട പോലീസ് ആക്രമങ്ങള്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെയുള്ള നീക്കമായി കണക്കാക്കിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഓരോ ദിവസവും പോലീസിന്റെ ഭാഗത്തു നിന്നും ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള അതിക്രമങ്ങള്‍ തുടരുന്നതാണ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ വിജയം പിണറായി സര്‍ക്കാരിനുള്ള ഗ്രേസ് മാര്‍ക്കായി വിലയിരുത്തപ്പെട്ട സമയത്താണ് ഇടപ്പാളിലെ തിയറ്റര്‍ ഉടമയ്ക്കെതിരെ പോക്സോ വകുപ്പു ചുമത്തി കേസെടുത്തത്.
ഇതിനു പിന്നാലെ കെവിന് വധക്കേസിലെ പോലീസുകാര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ഒത്തുകളി ആരോപണം കൂടി ഉയര്‍ന്നതോടെ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും കടുത്ത പ്രതിരോധത്തിലായി. കൂടാതെ ആലുവയിലെ എടത്തലയില്‍ ബൈക്ക് യാത്രക്കാരനെ മഫ്തിയിലെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതും വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയ്ക്ക് കീഴിലെ മറ്റു വകുപ്പുകള്ക്കെതിരെയോ മറ്റു മന്ത്രിമാരുടെ വകുപ്പുകള്ക്കെതിരേയോ യാതൊരു വിധ പരാതികളോ ആരോപണങ്ങളോ അടുത്തിടെ ഉണ്ടായിട്ടില്ല. അതേസമയം ആഭ്യന്തര വകുപ്പിനെതിരെയുള്ള നീക്കങ്ങള്‍ ചെന്നു നില്‍ക്കുന്നത് പിണറായി വിജയനിലാണ്.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാനും അദ്ദേഹത്തെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനും ഏതെങ്കിലും ഭാഗത്തു നിന്നു നീക്കം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിസ്ഥാനത്തായ പോലീസുകാരുടെ രാഷ്ട്രീയ പശ്ചാത്തലവും സര്‍വീസില്‍ കയറിയതിനു ശേഷമുള്ള ഇടപെടലുകളും വിശദമായി പരിശോധിക്കാന്‍ രഹസ്യന്വേഷണ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ രേഖകളും പണമിടപാടുകളും അന്വേഷണ വിധേയമാക്കും.
കെവിന് വധക്കേസില്‍ ആരോപണ വിധേയനായ എ.എസ്.ഐ ഉള്‍പ്പടെയുള്ളവര്‍ യുഡിഎഫ് അനുകൂല പോലീസ് അസോസിയേഷനുമായി ബന്ധമുണ്ടായിരുന്നുവരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്തിടെ പ്രതിസ്ഥാനത്തായ പോലീസ് ഉദ്യോഗസ്ഥരുടെ മുന്‍കാല രാഷ്ട്രീയം അടക്കമുള്ള കാര്യങ്ങളില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സര്‍ക്കാരിനെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇവരുടെ ചെയ്തികളെന്ന് അന്വേഷണത്തില്‍ ബോധ്യം വന്നാല്‍ സസ്പെന്‍ഷനില്‍ ഒതുക്കാതെ ഇവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടക്കും.
സര്‍ക്കാരിനെ മോശമാക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്ന പോലീസു ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് ആവശ്യപ്പെട്ടതും ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
പോലീസ് അതിക്രമങ്ങള്‍ തുടരുന്നതില്‍ സിപിഎമ്മിനുള്ളിലെന്ന പോലെ ഘടകകക്ഷികള്‍ക്കിടയിലും അതൃപ്തി പടരുകയാണ്. ഇത്തരത്തില്‍ പോലീസിനെ കയറൂരി വിട്ടാല്‍ ലോക്സഭാ തെരഞ്ഞടുപ്പില്‍ നിലംതൊടില്ലെന്ന ശക്തമായ താക്കീത് തന്നെ സി.പിഐ അടക്കമുള്ള കക്ഷികള്‍ സിപിഎം നേതൃത്വത്തേയും മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്.
പോലീസിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയും കടുത്ത അസംതൃപ്തിയിലാണ്. ഇടപ്പാളിലെ തീയറ്റര്‍ ഉടമയുടെ അറസ്റ്റു വാര്‍ത്ത പുറത്തു വന്നതോടെ മുഖ്യമന്ത്രി ഡി.ജി.പി ലോക്നാഥ് ബഹ്റയെ വിളിച്ചു കടുത്ത ഭാഷയില്‍ ശാസിച്ചിരുന്നു. ഇത്തരം നടപടി തുടര്‍ന്നു വച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് മുഖ്യമന്ത്രി നല്‍കിയത്.
അതിനു ശേഷവും പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ച തുടരുന്നതാണ് സര്‍ക്കാരിനെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണോ ഇപ്പോഴത്തെ സംഭവങ്ങളെന്ന് ഇന്റലിജന്‍സിനോട് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കടുത്ത അച്ചടക്ക നടപടികളിലേക്ക് ആഭ്യന്തര വകുപ്പ് കടക്കും.