ലിഗയുടെ മരണത്തിന് പിന്നില്‍ അധോലോകം ? അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ വിഭാഗം; പോസ്റ്റുമോര്‍ട്ടം നടത്താന്‍ വിദേശ ഡോക്ടറെക്കൂടി ഉള്‍പ്പെടുത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് തള്ളി

ലിത്വാനിയന്‍ യുവതിയ ലിഗയുടെ മരണത്തില്‍ അധോലോക ബന്ധം സംശയിക്കുന്നതായി അന്വേഷണസംഘം. കൊലപാതകമാണെന്ന് ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തറപ്പിച്ചു പറയുകയാണ്. യുവതിയെ കണ്ടെത്താന്‍ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. നഗരം അടക്കിവാഴുന്ന അധോലോകസംഘമാണു ലിഗയുടെ മരണത്തിനു കാരണക്കാരെന്നു രഹസ്യാന്വേഷണ വിഭാഗം അടിവരയിട്ടുപറയുന്നു.

എന്നാല്‍ കേസന്വേഷിക്കുന്ന പ്രത്യേകസംഘം ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല. മുന്‍ കാലങ്ങളില്‍ പോലീസിനു പ്രാദേശികമായി ക്രിമിനല്‍ സംഘത്തിലെ തന്നെ ചാരന്‍മാര്‍ ഉണ്ടായിരുന്നു. ക്രിമിനല്‍സംഘങ്ങള്‍ കുറ്റകൃത്യം നടത്തിയാല്‍ ഇവര്‍ വിവരം പോലീസിനു കൈമാറും. ഇവിടെ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടു കൂടി അധോലോക സംഘത്തിലേക്കെത്താന്‍ കഴിയാഞ്ഞത് പോലീസിന് വലിയ നാണക്കേടാണുണ്ടാക്കിയത്.

യുവതിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധമാണ്. മൃതദേഹത്തിനു സമീപം ഒഴിഞ്ഞ മദ്യകുപ്പികളും സിഗരറ്റു പാക്കറ്റുകളും ചിതറിക്കിടക്കുന്നു. മണലൂറ്റിന്റെയും വ്യാജമദ്യക്കടത്തിന്റേയും കേന്ദ്രമാണിവിടം. നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും ലോക്കല്‍ പോലീസിന്റെയും ഒത്താശയില്‍ ഇവിടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

യുവതിയെ കാണാതായെന്നു പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് ഇവിടെ പരിശോധനയ്ക്ക് മുതിര്‍ന്നിരുന്നെങ്കില്‍ മൃതദേഹം ഇത്രയും മോശം അവസ്ഥയിലാകുമായിരുന്നില്ല. നിര്‍ണായക തെളിവുകള്‍ മുഴുവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് അന്വേഷണ സംഘം. അതിനിടെ, ഫോറന്‍സിക് വിദഗ്ധരോടൊപ്പം ലിഗയുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തങ്ങളുടെ കൂട്ടത്തിലുള്ള വിദേശ ഡോക്ടറെക്കൂടി അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം പോലീസ് തള്ളിക്കളഞ്ഞു. നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

 

Related posts