കോഴിക്കോട്: സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ പോലീസുകാര്‍ നിര്‍ണായകമായ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) പ്രാഥമിക അന്വേഷണം നടത്തുന്നത്.
പട്ടര് പാലം എലിയോറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഷാജി (40)യെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എസ്ഡിപിഐ , പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരിലേക്ക് അന്വേഷണം നീങ്ങിയ ഘട്ടത്തിലാണ് ക്രൈംനമ്പറും കേസിന്റെ വകുപ്പുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അസി.സബ് ഇന്‍സ്പെക്ടര്‍ ചോര്‍ത്തി നല്‍കിയത്.
തുടര്‍ന്ന് കേസിലുള്‍പ്പെട്ട യുവാവ് കോടതി വഴി മുന്‍കൂര്‍ ജാമ്യം നേടി. സംഭവത്തില്‍ എസ്പി അന്വേഷണം നടത്തി രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുവരേയും എംഎസ്പി ക്യാമ്പിലേക്ക് മാറ്റി. ഇരുവര്‍ക്കുമെതിരേ വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ട്.
രണ്ടു പോലീസുകാരുടെയും ഫോണ്‍ കോള്‍ രേഖകളും മറ്റുള്ള വിവരങ്ങളും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിരുന്നു. ഫോണ്‍ കോളിന്റെ ശബ്ദരേഖകളും പരിശോധനയ്ക്കായി ശേഖരിച്ചതായാണ് വിവരം. ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചാല്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കും .
രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നത് ഏറെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളോട് അനുഭാവം കാണിക്കുകയും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറിച്ചുവയ്ക്കുകയും ചെയ്യുന്നത് ക്രമസമാധാനം താറുമാറാക്കും.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പലരും ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ വഴി പല വിവരങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കാറുണ്ടെന്നുമാണ് അറിയുന്നത്.